കല്ലുമ്മക്കായ ആദ്യ പരീക്ഷയിൽ നൂറുമേനി: കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്
May 7, 2023
എരമംഗലം: വാർഷിക പദ്ധതി പ്രകാരം സംരംഭക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ കല്ലുമ്മക്കായ കൃഷിയുടെ ആദ്യ പരീക്ഷണത്തിൽ 100 മേനി വിളവ് നേടിയതിന്റെ ആത്മവിശ്വാസത്തിൽ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്. 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പൂക്കൈതപ്പുഴയും കനോലി കനാലും ചേരുന്ന മാരാമുറ്റം പ്രദേശത്ത് കല്ലുമ്മക്കായ കൃഷി നടപ്പാക്കിയത്. കായലോരം,കനോലി, ബ്ലൂ സീ,സോളോ ഫിനിക്സ്, ബ്രദേഴ്സ് എന്ന 5 ഗ്രൂപ്പുകളിലായി 15 പേർ അടങ്ങുന്ന സംഘമാണ് കൃഷി നടത്തിയത്.കല്ലുമ്മക്കായ വിളവെടുപ്പ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. വൈവിധ്യമുള്ള ഭൂപ്രകൃതിക്ക് അനുസരിച്ച് ഓരോ മേഖലയിലും ഏറ്റെടുത്ത് നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ബീന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി അബ്ദുൾ അസീസ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. സി ശിഹാബ്, താജുനീസ,പി അജയൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷാദ് അബൂബക്കർ, അഡ്വക്കേറ്റ് കെ.എ ബക്കർ, അമൽ ദാസ്, ഫിഷറീസ് പദ്ധതി കോഡിനേറ്റർമാരായ രജിന, ഷൈനിബ തുടങ്ങിയവർ പ്രസംഗിച്ചു.