കടലാക്രമണം രൂക്ഷം , തീരദേശ പ്രദേശങ്ങളിൽ ആശങ്ക
പൊന്നാനി: പൊന്നാനി ലൈറ്റ് ഹൗസ്, മരക്കടവ്, മുറിഞ്ഞഴി, അലിയാർ പള്ളി, മൈലാഞ്ചിക്കാട്, പുതുപൊന്നാനി അബു ഹുറൈറ പള്ളി പരിസരം എന്നീ മേഖലകളിലാണ് ശക്തമായ കടലേറ്റമാണ് അനുഭവപ്പെടുന്നത്. കടൽഭിത്തിയില്ലാത്ത മേഖലകളിലാണ് കടലിൽ കരയിലേക്ക് കയറിയത്. ഈ ഭാഗങ്ങളിൽ തിരമാലകൾ നേരിട്ട് വീടുകളിലേക്ക് ആഞ്ഞടിക്കുന്ന സ്ഥിതിയാണ്. വീടുകൾക്കുമുന്നിൽ മണൽച്ചാക്കുകൾ നിരത്തിയാണ് വെള്ളം കയറുന്നത് തടയുന്നത്. തീരപ്രദേശത്തുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പൊന്നാനി എം.ഇ.എസ്. ഹൈസ്‌കൂൾ, വെളിയങ്കോട് ഫിഷറീസ് എൽ.പി. സ്‌കൂൾ, ആനകത്ത് ജി.എം.യു.പി. സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചിട്ടുള്ളത്. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നെങ്കിലും കോവിഡ് ഭീതിയെത്തുടർന്ന് ആളുകൾ ക്യാമ്പുകളിലെത്താൻ മടിക്കുന്നുണ്ട്. ബന്ധുവീടുകളിലേക്കും മറ്റുമാണ് പലരും താമസം മാറിയിട്ടുള്ളത്.
പൊന്നാനിയിൽ ഏതുനിമിഷവും കടലെടുക്കുമെന്ന സ്ഥിതിയിലാണ് ഒട്ടേറേ വീടുകൾ. 50 മീറ്ററിനകത്ത് താമസിക്കുന്ന വീടുകളാണ് തകർച്ചാഭീഷണിയിലുള്ളത്. ഇന്നലെ രാവിലെ മുതലാണ് കൂറ്റൻതിരമാലകൾ കരയിലേക്ക് അടിച്ചുകയറാൻ തുടങ്ങിയത്. ഇനിയും ശക്തി പ്രാപിക്കും. തീരദേശത്തെ റോഡുകളെല്ലാം പൂർണമായി വെള്ളത്തിൽ മുങ്ങി. ഇത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. നിരവധി വീടുകളിലേക്ക് കടൽവെള്ളം കയറി മണലും ചെളിയും നിറഞ്ഞ് താമസയോഗ്യമല്ലാതായിട്ടുണ്ട്. കടലോരത്തെ നൂറോളം തെങ്ങുകൾ കടലേറ്റത്തിൽ കടപുഴകി. പ്രദേശംമുഴുവൻ വെള്ളക്കെട്ടിൽ മുങ്ങിയതോടെ നാശനഷ്ടങ്ങളുടെ പൂർണമായ വിവരങ്ങൾ ശേഖരിക്കാനായിട്ടില്ലെന്ന് പൊന്നാനി തഹസിൽദാർ
എരമംഗലം, വെളിയങ്കോട്, പാലപ്പെട്ടി മേഖലയിൽ കടലേറ്റത്തിൽ കനത്തനാശം. വ്യാഴാഴ്‌ച മുതൽ വെളിയങ്കോട് മേഖലയിൽ കടലേറ്റമുണ്ടായിരുന്നെങ്കിലും വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ രാവിലെമുതൽ കടലേറ്റം ശക്തമായി. വലിയരീതിരിലുള്ള തിരമാലകൾ കടൽഭിത്തിയും കടന്ന് കരയിലേക്ക് തുടർച്ചയായി ആഞ്ഞടിച്ചതോടെ കടലും കരയും തിരിച്ചറിയാനാവാത്തവിധം കടൽവെള്ളം നിറഞ്ഞൊഴുകി. വെളിയങ്കോട് പത്തുമുറി മുതൽ തെക്ക് ചെമ്മീൻ ഹാച്ചറിവരെ മുപ്പതും ഹാച്ചറി മുതൽ തെക്ക് തണ്ണിത്തുറ അറപ്പവരെ നാൽപതും വീടുകൾ വെള്ളത്തിലായി.
വെളിയങ്കോട് മേഖലയിലേതിന് സമാനമാണ് പാലപ്പെട്ടി, അജ്‌മീർനഗർ മേഖലയിലും കടലേറ്റമുണ്ടായത്. പാലപ്പെട്ടി കടപ്പുറം ജുമാഅത്ത് പള്ളിയുടെ ഖബർസ്ഥാൻ കടലേറ്റത്തിൽ തകർന്നു. അഞ്ച് ഖബറുകളുടെ കല്ലറകൾ തകർന്നുവീണു. ഒരു ഖബറിലെ മൃതദേഹത്തിന്റെ കാലിന്റെ അസ്ഥികൾ കടലിലേക്ക് ഒലിച്ചുപോയി. ഖബർസ്ഥാൻ സംരക്ഷിക്കുന്നതിനായി അടിയന്തരമായി കടൽഭിത്തി ശക്തിപ്പെടുത്തണമെന്ന് മൂന്നുവർഷമായി നാട്ടുകാർ ആവശ്യപ്പെടുന്നതായും എന്നാൽ അധികൃതർ നടപടിയെടുത്തില്ലെന്ന ആക്ഷേപവും ശക്തമാണ്.