ഒരു ദിവസം കുടുംബത്തോടൊപ്പം..പോലീസുകാർക്ക് ഇനി ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി;
തിരുവനന്തപുരം: പോലീസുകാർക്ക് ആശ്വാസം നൽകുന്ന നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ. എസ്.എച്ച്.ഒമാർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി ഉറപ്പാക്കണമെന്നാണ് ജില്ലാ പോലീസ് മേധാവികൾക്ക് നൽകിയ നിർദേശം.അടിയന്തര സേവനങ്ങളുടെ സ്വഭാവം കണക്കിലെടുത്തുകൊണ്ടുതന്നെ ഓരോ ഉദ്യോഗസ്ഥനും കൃത്യമായി ആഴ്ചയിലെ അവധി ലഭിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവികൾ ഉറപ്പാക്കണം.
ഓരോ ഉദ്യോഗസ്ഥന്റെയും ആഴ്ചയിലെ അവധി മുൻകൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.പോലീസ് ഉദ്യോഗസ്ഥർക്ക് ജോലിത്തിരക്കിനിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാനും ആവശ്യമായ സമയം ലഭ്യമാക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം. കുടുംബവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചടങ്ങുകളിലും മറ്റ് ആവശ്യങ്ങളിലും ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കണമെന്നും നിർദേശമുണ്ട്.വളരെ അടിയന്തരമോ അത്യന്താപേക്ഷിതമോ ആയ സാഹചര്യമല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥന് അർഹമായ ആഴ്ചയിലെ അവധി നിഷേധിക്കരുതെന്നും എ.ഡി.ജി.പി.യുടെ സർക്കുലറിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.ദീർഘമായ ഡ്യൂട്ടി സമയവും തുടർച്ചയായ ജോലിഭാരവും നേരിടുന്ന പോലീസ് സേനാംഗങ്ങൾക്ക് നിർദേശം ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ. പുതിയ നിർദേശത്തിൽ പോലീസ് ഉദ്യോഗസ്ഥരും പ്രതീക്ഷയോടെയാണ് നോക്കുന്നത്