എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞിന് ദാരുണാന്ത്യം, അമ്മയെ നാട്ടുകാർ രക്ഷിച്ചു
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. എട്ടുമാസം പ്രായമുള്ള കുഞ്ഞുമായാണ് യുവതി കിണറ്റിൽ ചാടിയത്. കുഞ്ഞ് മരിച്ചു. അമ്മയെ നാട്ടുകാർ ചേർന്ന് രക്ഷിച്ചു. മുണ്ടക്കുളത്ത് മുള്ളൻമടക്കൽ ശ്രീനാഥിന്റെയും വിഞ്ജുഷയുടെയും മകൻ സയാൻസിദ് ആണ് മരിച്ചത്.ഇന്നലെ രാവിലെ ആയിരുന്നു സംഭവം. 9 മണി മുതൽ വിഞ്ജുഷ കുഞ്ഞിനെയും കാണാനില്ലായിരുന്നു. ശ്രീനാഥിന്റെ അമ്മ ക്ഷേത്രത്തിൽനിന്നു മടങ്ങിയെത്തിയപ്പോഴാണ് ഇരുവരും വീട്ടിലില്ലെന്നു മനസിലായത്.
വിഞ്ജുഷയുടെ മൊബൈൽഫോൺ വീട്ടിലുണ്ടായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തി. ഇവർക്കായുള്ള അന്വേഷണത്തിനിടെ മുണ്ടക്കുളത്തെ സ്കൂൾ ഗ്രൗണ്ടിനു സമീപത്തെ കിണർ മൂടിയിരുന്ന വലയുടെ ഒരുഭാഗത്ത് വിടവുവന്നതുകണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പന്ത്രണ്ടേമുക്കാലോടെ കിണറ്റിൽ ഇരുവരെയും കണ്ടെത്തുന്നത്.കുഞ്ഞിനെ കയ്യിൽ ഒതുക്കി കിണറിനുള്ളിലെ പടവുകളിൽ പിടിച്ച് വെള്ളത്തിൽ നിൽക്കുകയായിരുന്നു വിഞ്ജുഷ. നാട്ടുകാർ ചേർന്ന് ഇവരെ കിണറ്റിൽ നിന്നും കരയ്ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.
വിഞ്ജുഷ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. യുവതി കുഞ്ഞുമായി ജീവനൊടുക്കാൻ ശ്രമം നടത്തുകയായിരുന്നുവെന്നാണ് വിവരം. വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. അതേസമയം കുഞ്ഞിന്റെ മരത്തിൽ വിഞ്ജുഷയുടെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു