എം എ ബേബി എ എ റഹീം ഉൾപ്പെടെയുള്ള നേതാക്കന്മാർ അറസ്റ്റിൽ: ഡൽഹിയിൽ സംഘർഷാവസ്ഥ, 11 മെട്രോ സ്റ്റേഷനുകൾ അടച്ചു
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ എസ്. ഐ.ആർ ക്രമക്കേടുകൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇടതു പാർട്ടികളുടെ പ്രതിഷേധം ജന്തർമന്തറിലേക്ക് മാർച്ച് ചെയ്ത നേതാക്കന്മാർ അടക്കമുള്ള പ്രവർത്തകരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്തറിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ വൻ സംഘർഷമാണ് ഉണ്ടായത്. കേരളത്തിൽ നിന്നുൾപ്പെടെ മൂവായിരത്തിലധികം പ്രവർത്തകരാണ് ഈ പ്രക്ഷോഭത്തിൽ പങ്കെടുന്നത്. എ.എ. റഹീം, ഹിമാഘ്‌നരാജ് ഭട്ടാചാര്യ, കേരള സംസ്ഥാന സെക്രട്ടറി എം. വിജിൻ, പ്രസിഡന്റ് ചിന്താ ജെറോം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.തന്നെയല്ല വോട്ട് മോഷ്ടിച്ച കള്ളനായ ഗ്യാനേഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് എം എ ബേബി പ്രതികരിച്ചു. അവസാനശ്വാസം വരെ പോരാട്ടം തുടരുമെന്ന് എ എ റഹീം പറഞ്ഞു.ഇൻറർനെറ്റ് നിരോധിച്ചും മെട്രോ സ്റ്റേഷൻ അടച്ചുപൂട്ടിയും ജന്തർമന്ദർ ബാരിക്കേടുകൾ വെച്ച് അടച്ചുപൂട്ടിയും സമരക്കാരെ പ്രതിരോധിക്കാൻ ഡൽഹി പോലീസ് പാടുപെടുകയാണ്.പ്രതിഷേധവുമായി എത്തിയ ഐസ പ്രവർത്തകരെയും ആം ആദ്മി പാർട്ടി പ്രവർത്തകരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജന്തർ മന്തറിലേക്ക് ആരെയും കടത്തിവിടില്ലെന്ന നിലപാടിലാണ് പൊലീസ് ഉള്ളതെങ്കിലും, പ്രവർത്തകർ വീണ്ടും തടിച്ചുകൂടി ശക്തമായ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം തുടരുകയാണ്. ഗ്യാനേഷ് കുമാറിന്റെ രാജി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രക്ഷോഭകരുടെ ഉറച്ച തീരുമാനം. ഐസ പ്രവർത്തകർക്ക് നേരെ പൊലീസ് നടപടികളുണ്ടായതും സ്ഥലത്ത് കൂടുതൽ സംഘർഷത്തിന് വഴിവെച്ചിട്ടുണ്ട്.സമരത്തെ പൂർണ്ണ തോതിൽ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ജന്തർ മന്തർ മേഖലയിൽ അയ്യായിരത്തിലധികം പൊലീസുകാരെയാണ് അധികൃതർ വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധം വ്യാപിക്കാതിരിക്കാൻ സമര മേഖലയിലെ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ഇതിനുപുറമേപൊതുസുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമായി നിയന്ത്രിക്കുന്നതിനുമായി ന്യൂഡൽഹി ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകൂർ അനുമതിയില്ലാതെ അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത്, ഘോഷയാത്രകൾ, പ്രകടനങ്ങൾ, ധർണകൾ, മുദ്രാവാക്യം വിളിക്കൽ, പ്രസംഗങ്ങൾ എന്നിവക്ക് നിയന്ത്രണമുണ്ട്. ആയുധങ്ങൾ, ബാനറുകൾ, പ്ലക്കാർഡുകൾ, വടികൾ തുടങ്ങിയവ കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾ ലംഘിച്ചാൽ നിയമനടപടിയുണ്ടാകുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.പ്രതിഷേധത്തിന് വലിയ ജനക്കൂട്ടമാണ് ഡൽഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ജന്തർ മന്തറിലേക്കുള്ള എല്ലാ പ്രധാന പ്രവേശനപാതകളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തും അവിടേക്കുള്ള റോഡുകളിലും വൻതോതിൽ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) സുപ്രധാന അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ജൻപത്, പട്ടേൽ ചോക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചോക്ക്, മണ്ഡി ഹൗസ്, ലോക് കല്യാൺ മാർഗ്, ഐ.എൻ.എ, ചൗരി ബസാർ, രാമകൃഷ്ണ ആശ്രമ മാർഗ്, ന്യൂഡൽഹി, സേവ തീർത്ഥ് എന്നീ 11 മെട്രോ സ്റ്റേഷനുകൾ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ പൂർണമായും നിർത്തിവച്ചു.
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് രാജ്ഘട്ട്, വിജയ് ഘട്ട് എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളുടെ സുരക്ഷ കൂടി മുൻനിർത്തിയാണ് ഈ നടപടി.യാത്രക്കാർക്കായി ബരാഖംബ റോഡ്, ശിവാജി സ്റ്റേഡിയം, ചന്ദ്‌നി ചൗക്ക് തുടങ്ങിയ ഇതര മെട്രോ സ്റ്റേഷനുകൾ ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. യാത്രാസമയം കൂടുമെന്നതിനാൽ യാത്രക്കാർ മുൻകൂട്ടി പദ്ധതികൾ തയാറാക്കണമെന്നും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ ബദൽ മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കണമെന്നും ട്രാഫിക് പൊലീസ് അഭ്യർത്ഥിച്ചു.ഇന്ത്യൻ യൂത്ത് കോൺഗ്രസും ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതി തേടിയിരുന്നെങ്കിലും പൊലീസ് അനുമതി നിഷേധിച്ചതായി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തെയും എസ്.ഐ.ആർ നടപടികളെയും ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി നേതാക്കളായ അതിഷി, സഞ്ജയ് സിങ്, മനീഷ് സിസോദിയ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.