Local newsPONNANI
വാർഡ്തല ആരോഗ്യ കേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി വീണ ജോർജ്ജ്.
പൊന്നാനി മാതൃ ശിശു ആശുപത്രിയിലെ മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റിൻ്റെയും മറ്റു പദ്ധതികളുടെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി .
സംസ്ഥാനത്തെ 451 സബ് സെൻ്ററുകളെയാണ് തദ്ദേശ സ്ഥാപനങ്ങളിലെ നാല് വാർഡുകളുടെ ജനകീയ ആരോഗ്യ കേന്ദ്രമായി മാറ്റുക. ഇവിടെ ഹെൽത്ത് ക്ലബ്ബ്, അനുബന്ധ സൗകര്യങ്ങൾ എന്നിവ ഒരുക്കും. ഒരു പ്രദേശത്തിൻ്റെ ആരോഗ്യ കാര്യങ്ങൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുകയെന്നതാണ് സർക്കാർ കാഴ്ചപ്പാട്. അതത് ജനകീയ കേന്ദ്രങ്ങൾ ഇത്തരം ജനകീയ ആരോഗ്യ പരിപാലന ഇടങ്ങളായി മാറ്റുകയാണ് സർക്കാർ ലക്ഷ്യം. പ്രസവ സമയത്തും, തുടർന്നും അമ്മക്കൊപ്പം മറ്റൊരു കെയർ ടേക്കറെക്കൂടി അനുവദിക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിച്ച സഖി പദ്ധതി എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ പുതിയ 10 സ്റ്റാഫ് നഴ്സുകളെ അനുവദിക്കുമെന്നും ,പുതിയ തസ്തികകൾ അനുവദിക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെന്നും മന്ത്രി
ജീവനക്കാരുടെ കുറവ് മൂലമുള്ള പ്രയാസങ്ങൾക്ക് പരിഹാരം കാണുന്നതിനായാണ് എം.എൻ.സി.യുവിലേക്ക് ആരോഗ്യ കേരളം പദ്ധതി വഴി പുതിയ 10 സ്റ്റാഫ് നഴ്സിനെ അനുവദിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. കൂടാതെ പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ പേവിഷബാധക്കെതിരെയുള്ള ഇമ്മ്യുണോ ഗ്ലോബലിൻ മരുന്നുകൾ കാരുണ്യ ഫാർമസി വഴി നൽകുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിൽ പുതിയ തസ്തികകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ അന്തിമ ഘട്ടത്തിലാണ്. ബ്ലഡ് ബാങ്ക്, കെ.എം.സി.എൽ വഴി മെഷിനുകൾ, ഐസൊലേഷൻ വാർഡ് ,ഓക്സിജൻ പ്ലാൻ്റ് എന്നിവയുടെ നിർമ്മാണം പൂർത്തിയായാൽ മികച്ച സൗകര്യങ്ങൾ ഒരുങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
ജില്ലയിലെ ആദ്യത്തെ മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ മന്ത്രി ഉദ്ഘാടനം ചെയ്തത്.നെഗറ്റീവ് പ്രഷർ സിസ്റ്റം ഉൾപ്പെടെയുള്ള ശിശു പരിചരണ വിഭാഗത്തിൽ 21 ബെഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.1 കോടി 18 ലക്ഷം രൂപ ചെലവിൽ നവജാത ശിശു പരിചരണ വിഭാഗവും, 45 ലക്ഷം രൂപ ചെലവിൽ എം.എൻ.സി.യുവും സജ്ജീകരിച്ചിട്ടുണ്ട്.നവജാത ശിശുക്കളുടെ പരിചണത്തില്‍ അമ്മമാരുടെ സാനിദ്ധ്യം ഉറപ്പാക്കികൊണ്ടുളള ചികിത്സാ പദ്ധതിയാണ് എം.എന്‍.സിയു. ആഗോളതലത്തില്‍ അംഗീകരിച്ചു കൊണ്ടിരിക്കുന്ന ആശയമാണിത്. മാതൃശിശു ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഏറെ കരുത്തു പകരുന്നതിന് ഇത് വഴി സാധിക്കുന്നു. മത്രമല്ല നവജാത ശിശുപരിചരണവും കരുതലും മുലയൂട്ടലും കൂടുതല്‍ ശക്തമാകുന്നു. ഇതിലൂടെ കുഞ്ഞിന്റെ വേഗത്തിലുളള രോഗമുക്തിയും കുറഞ്ഞ ആശുപത്രി വാസവും ഉറപ്പാക്കുന്നതിന് സാധിക്കുന്നു. കുഞ്ഞ് സാധാരണ നിലയിലാണെങ്കില്‍, അമ്മയും കുഞ്ഞും പ്രസവാനന്തര വാര്‍ഡില്‍ ഒരുമിച്ച് കഴിയുന്ന തരത്തിലാണ് നിലവിലെ അമ്മയ്ക്കും നവജാതശിശു സംരക്ഷണ സേവനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കുഞ്ഞിന് അസുഖമോ ജനനഭാരം കുറവോ ആണെങ്കില്‍, അവരെ അമ്മയില്‍ നിന്ന് മാറ്റി പ്രത്യേകം തയ്യാറാക്കിയ നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ ചികിത്സ നല്‍കുകയും ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ കുഞ്ഞിനെ അമ്മയ്ക്ക് എസ്.എന്‍.സിയുവില്‍ സന്ദര്‍ശിക്കാന്‍ സാധിക്കുകയുളളൂ. എന്നാല്‍ എം.എന്‍.സിയുവില്‍ അമ്മമാര്‍ക്ക് നവജാത ശിശുക്കള്‍ക്കൊപ്പം കഴിയുന്നതിനും കംഗാരുകെയര്‍ അത്തരം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതിനും സാധിക്കും. കൂടാതെ പേവിഷബാധ ചികിത്സ മുറിയും മന്ത്രി ഉദ്ഘാടനം ചെയ്തു.പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം,
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഇ.സിന്ധു, നഗരസഭാ വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ
ജില്ല മെഡിക്കൽ ഓഫീസർ ആർ.രേണുക, ഡോ.പി.കെ അനൂപ് , ഡോ.പി.കെ ആശ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു