KERALASPORTS

ഇരട്ട ഗോളില്‍ ക്യാപ്റ്റൻ ലൂണ, തിരിച്ചടിച്ച് ബഗാൻ; ബ്ലാസ്റ്റേഴ്സിനു സമനില മാത്രം

പനജി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്– എടികെ മോഹൻ ബഗാൻ മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി. രണ്ടു തവണ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തെങ്കിലും കരുത്തരായ എടികെ ഗോളുകൾ മടക്കി സമനില പിടിക്കുകയായിരുന്നു.

ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് (7,64) ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്. ഡേവിഡ് വില്യംസ് (8), ജോനി കൗക്കോ (97) എന്നിവർ എടികെയ്ക്കായി ഗോൾ മടക്കി. മത്സരം സമനിലയായെങ്കിലും 30 പോയിന്റുമായി എടികെ പട്ടികയിൽ ഒന്നാമതെത്തി. 27 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നാലാമതാണ്.

ഏഴാം മിനിറ്റിൽ ലൂണ

ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദിനെ എടികെ താരം മക്ഹ്യു ഫൗൾ ചെയ്തതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. കിക്കെടുക്കാനെത്തിയത് ക്യാപ്റ്റൻ ലൂണ. നിരന്നുനിന്ന എടികെ താരങ്ങൾക്കു മുകളിലൂടെ ലൂണയുടെ കിക്ക് വലയിലെത്തി. ഈ സമയം എടികെ ഗോളി അമരീന്ദർ സിങ് നിസ്സഹായനായി നോക്കിനിന്നു. ബ്ലാസ്റ്റേഴ്സ് മുന്നിൽ.

ബഗാന്റെ മറുപടി

ബ്ലാസ്റ്റേഴ്സ് ഗോൾ നേട്ടം ആഘോഷിച്ചു തീരുംമുൻപ് തൊട്ടടുത്ത മിനിറ്റിൽ എടികെ മോഹൻ ബഗാൻ സമനില ഗോൾ നേടി. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരങ്ങളുടെ പിഴവു മുതലെടുത്ത് ഡേവിഡ് വില്യംസാണു വല കുലുക്കിയത്. ഇതോടെ ആദ്യ പകുതി സമനിലയിലായി.

64–ാം മിനിറ്റിൽ ലൂണ മാജിക്

ബോക്സിനു വെളിയിൽനിന്ന് പ്യൂട്ടിയ ഉയർത്തി നൽകിയ പന്ത് പിടിച്ചെടുത്ത് അഡ്രിയാൻ ലൂണ ബഗാന്റെ ഗോൾ വലയുടെ വലതു മൂലയിലേക്കു തട്ടിയിട്ടു. ഇതോടെ ബ്ലാസ്റ്റേഴ്സ് വീണ്ടും മുന്നിൽ‌.

അവസാന നിമിഷം സമനില

ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയതോടെ സമനില ഗോൾ മടക്കാനായി സർവ തന്ത്രങ്ങളും എടികെ പുറത്തെടുത്തു. റോയ് കൃഷ്ണയെ രണ്ടാം പകുതിയിൽ ഇറക്കി നോക്കിയെങ്കിലും രക്ഷയില്ല. 90ാം മിനിറ്റിൽ ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ എടികെ താരം പ്രബീർ ദാസ് ചുവപ്പു കാർഡ് കണ്ടു പുറത്തുപോയി. അധികസമയമായി ഏഴു മിനിറ്റാണ് റഫറി അനുവദിച്ചത്. 97ാം മിനിറ്റിൽ ജോനി കൗക്കോയുടെ ഗോളിൽ എടികെ സമനില പിടിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button