ആരവമൊടുങ്ങി പൊന്നാനി ഹാർബർ; ബോട്ടുകൾ വിശ്രമത്തിൽ
പൊന്നാനി: പാതി ഉറങ്ങിയ അവസ്ഥയായി പൊന്നാനി ഫിഷിങ് ഹാർബറിന്. ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ ബോട്ടുകളെല്ലാം ഹാർബറിന്റെ വടക്ക്–പടിഞ്ഞാറ് ഭാഗങ്ങളിലായി നങ്കൂരമിട്ടു. ലേലഹാൾ കാലിയായി. ഹാർബറിനെ ഉണർത്താൻ ഇനി പരമ്പരാഗത വള്ളങ്ങൾ മാത്രമാണുള്ളത്.
കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാൽ ചെറു വള്ളങ്ങളും മീൻപിടിത്തത്തിനിറങ്ങിയിട്ടില്ല. ഇന്നും നാളെയും വിലക്ക് നിലനിൽക്കുന്നുണ്ട്. ഹാർബറിൽ ശക്തമായ കാറ്റ് വീശിയാൽ ബോട്ടുകൾ വാർഫിൽ തട്ടി കേടുപാടുകൾ സംഭവിക്കുന്ന അവസ്ഥയുണ്ട്. ഹാർബറിന്റെ പടിഞ്ഞാറു ഭാഗത്തുള്ള വാർഫിലും ബോട്ടുകൾ നിരത്തി കെട്ടിയിട്ടിരിക്കുകയാണ്. തുറമുഖ വകുപ്പ് ഓഫിസിന് മുൻപിലെ പഴയ വാർഫ് ഭാഗത്തും ബോട്ടുകൾ നങ്കൂരമിട്ടിട്ടുണ്ട്.
ജില്ലയുടെ തീരപ്രദേശത്ത് 190 ബോട്ടുകളാണുള്ളത്. ശക്തമായ കാറ്റ് വീശിയാൽ ബോട്ട് കെട്ടഴിഞ്ഞ് കടലിലേക്ക് ഒഴുകുന്ന സാഹചര്യങ്ങളുമുണ്ട്. നേരത്തേ ഒരു ബോട്ട് കടലിലേക്ക് ഒഴുകിയിരുന്നു. ഫിഷറീസ് കോസ്റ്റ് ഗാർഡുമാരുടെ നേതൃത്വത്തിൽ സുരക്ഷാ ബോട്ടിൽ കെട്ടിവലിച്ചാണ് ഇൗ ബോട്ട് കരയ്ക്കെത്തിച്ചത്. 2 വർഷം മുൻപ് സമാനമായ രീതിയിൽ ബോട്ടും വള്ളങ്ങളും കെട്ടഴിഞ്ഞ് കടലിലേക്ക് ഒഴുകി യാനങ്ങൾ കടലിൽ താഴ്ന്നിരുന്നു. കോടികളുടെ നഷ്ടമാണ് അന്ന് സംഭവിച്ചത്. ട്രോളിങ് നിരോധന കാലത്ത് ബോട്ട് നിർത്തിയിടാൻ സുരക്ഷിതമായ ഇടമില്ലെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു.