അംഗനവാടിക്ക് കെട്ടിടം പണിയാൻ മൂന്നു സെൻ്റ് ഭൂമി സൗജന്യമായി വിട്ട് നൽകി കുത്തുള്ളിപ്പറമ്പിൽ രാജൻ
എടപ്പാൾ: ജീവിതത്തിൻ്റെ നല്ല നാളുകൾ ക്ക്ദുരിതമാണ് കൂട്ടെങ്കിലും തെങ്ങുകയറ്റ തൊഴിലാളിയുടെ മനസിലും കരുണയുടെ ഉറവയുണ്ട്. 20 വർഷം മുമ്പ് തെങ്ങിൽ നിന്ന് വീണ് അരക്കു താഴെ തളർന്ന് വീൽ ചെയറിൽ ജീവിതം നയിക്കുന്ന വട്ടംകുളത്തെ പരിയപ്പുറം കുത്തുള്ളിപ്പറമ്പിൽ രാജനും, ഭാര്യ പ്രീതയുമാണ് കടലോളം മനസിൻ്റെ ഉടമകൾ. വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പരിയപ്പുറത്തെ അംഗനവാടിക്ക് സ്വന്തം കെട്ടിടം പണിയാൻ മൂന്നു സെൻ്റ് ഭൂമി സൗജന്യമായി നൽകിയിരിക്കുകയാണ് രാജൻ.വീടിനോട് ചേർന്ന 10 സെൻ്റ് ഭൂമിയിൽ നിന്നാണ് 3 സെൻ്റ് വട്ടംകുളം പഞ്ചായത്തിന് കൈമാറിയത്.കഴിഞ്ഞ കാലങ്ങളിൽ പരിയപ്പുറത്തെ അംഗനവാടി ഒമ്പതിടത്തേക്കാണ് മാറി മാറി സ്ഥാപിച്ചത്. ഇത് ഇനി സ്വന്തം കെട്ടിടത്തിലായിരിക്കണമെന്ന ഉള്ളിലിരിപ്പാണ് രാജൻ്റെ മനസിൽ ഭൂമിദാനത്തിന് പ്രേരിതമായതും.രാജനും, ഭാര്യയും ചേർന്ന് ഭൂമിയുടെ രേഖ പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് ,സെക്രട്ടറി സി.എസ്.മനോജ് എന്നിവർക്ക് കൈമാറി. വികസന സ്റ്റാൻറിങ്ങ് കമ്മിററി ചെയർമാൻ എം.എ.നജീബ് അധ്യക്ഷനായിരുന്നു. യു.പി.പുരുഷോത്തമൻ ,എം.ഉണ്ണികൃഷ്ണൻ, ഭാസ്കരൻ വട്ടംകുളം, എം.എം.ഉണ്ണികൃഷ്ണൻ, ഐ.സി.ഡി.എസ്.സൂപ്പർവൈസർ കൃഷ്ണേന്ദു മോഹൻ, അംഗനവാടി അധ്യാപിക കെ.കെ. ഇന്ദിര, ഹെൽപ്പർ കെ.ഗീത എന്നിവർ പ്രസംഗിച്ചു. സൗജന്യമായി ലഭിച്ചഭൂമിയിൽ അംഗനവാടിക്ക് കെട്ടിടം പണിയാൻ ഉടൻ തീരുമാനമാകുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
