kaladi

സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു

കാലടി : ശതാബ്ദിയുടെ നിറവിലേക്ക് ഒരുങ്ങുന്ന പോത്തന്നൂർ ഗവൺമെൻ്റ് യു.പി. സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള അഞ്ചുവർഷത്തെ മാസ്റ്റർ പ്ലാൻ (2025-2030) പ്രകാശനം ചെയ്തു. സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന ബൃഹദ് പദ്ധതിയുടെ പ്രകാശന കർമ്മം കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. ബാബു നിർവഹിച്ചു.

നൂറാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന വേളയിൽ, കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് സ്കൂളിനെ ‘മികവിൻ്റെ കേന്ദ്ര’മാക്കുകയാണ് മാസ്റ്റർ പ്ലാനിന്റെ പ്രധാന ലക്ഷ്യം.

വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും അവരെ ഭാവിയിലെ വെല്ലുവിളികൾക്കായി സജ്ജരാക്കുന്നതിനും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. LSS, USS സ്കോളർഷിപ്പ് പരീക്ഷകളിൽ 50 ശതമാനത്തിന് മുകളിൽ വിജയം ഉറപ്പാക്കുന്നതിനായി ‘പ്രീ-എൽ.എസ്.എസ്, യു.എസ്.എസ് കോച്ചിംഗ്’ നൽകും. സിവിൽ സർവീസ്, പി.എസ്.സി പോലുള്ള മത്സരപരീക്ഷകൾക്ക് കുട്ടികളെ ചെറുപ്പത്തിലേ പ്രാപ്തരാക്കുന്നതിനായി GK ക്ലബിന് കീഴിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ‘ഒരു ദിനം ഒരറിവ്’ എന്ന പേരിൽ പ്രതിമാസ മെഗാ ക്വിസ് സംഘടിപ്പിക്കും.

ലഹരി, അക്രമവാസന തുടങ്ങിയ സാമൂഹിക വിപത്തുകളിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനും ജീവിതത്തിൽ മികച്ച ലക്ഷ്യബോധം നൽകുന്നതിനും ‘സെറ്റ് എ ഗോൾ, ഗെറ്റ് എ ലൈഫ്’, പ്രമുഖരുമായി സംവദിക്കാൻ അവസരമൊരുക്കുന്ന ‘മീറ്റ് ദ സ്കോളർ’, പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കൈപിടിച്ചുയർത്താൻ ‘എല്ലാവരും മുമ്പിൽ’, വായനാശീലം പ്രോത്സാഹിപ്പിക്കാൻ ‘വായനാ സമൃദ്ധി’ തുടങ്ങിയ പദ്ധതികളും മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ്.

കായികരംഗത്ത് രാജ്യാന്തര നിലവാരത്തിലുള്ള പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ‘പോത്തന്നൂരിൽ നിന്ന് ടീം ഇന്ത്യയിലേക്ക്’ എന്ന പ്രത്യേക പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.

അക്കാദമിക മികവിനൊപ്പം മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനും മാസ്റ്റർ പ്ലാൻ ഊന്നൽ നൽകുന്നു. എല്ലാ ക്ലാസ് മുറികളും ശീതീകരിച്ചതും ഡിജിറ്റൽ സൗകര്യങ്ങളോടു കൂടിയതുമാക്കും. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി ടർഫ് ഫുട്ബോൾ ഗ്രൗണ്ട്, മാനസികോല്ലാസത്തിനായി ഒരു മിനി പാർക്ക് എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.

വരും വർഷങ്ങളിൽ പോത്തന്നൂർ സ്കൂളിന്റെ മുഖച്ഛായ മാറ്റുന്നതിനും വിദ്യാഭ്യാസ രംഗത്ത് പുതിയൊരു മാതൃക സൃഷ്ടിക്കുന്നതിനും ഒട്ടേറെ മികച്ച പദ്ധതികൾ ഉൾക്കൊള്ളുന്ന ഈ മാസ്റ്റർ പ്ലാൻ സഹായകമാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

വാർഡ് മെമ്പർ A ലെനിൻ ആശംസകളർപ്പിച്ചു.
PTA പ്രസിഡണ്ട് TV അബ്ദുസ്സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ TPഹംസ സ്വാഗതം ആശംസിച്ചു. അധ്യാപകരായ പ്രജീഷ , സിന്ധു VK , ജോസഫ് KS , ബാബു എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button