തെരുവുനായ ശല്യം രൂക്ഷം: ഉടൻ ഇടപെടൽ നടത്തണമെന്ന് യൂത്ത് ലീഗ്
എടപ്പാൾ: വട്ടംകുളം പഞ്ചായത്തിൽ തെരുവുനായ ശല്യം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷിതമായ ദൈനംദിന ജീവിതം ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി, പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വട്ടംകുളം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നൽകി.
വളർത്തു നായ്ക്കളെ ഉപേക്ഷിക്കുന്നതും കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. സ്കൂൾ വിദ്യാർത്ഥികൾ, മുതിർന്നവർ, യാത്രക്കാർ തുടങ്ങി പൊതുജനങ്ങൾ വലിയ ഭീതിയോടെയാണ് റോഡുകളിലൂടെ സഞ്ചരിക്കുന്നത്. തെരുവുനായ ആക്രമണ ഭീഷണി മൂലം ജനങ്ങൾ ആശങ്കയിലാണ്. ഗുരുതരമായ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെട്ട് ഫലപ്രദമായ പരിഹാരം നടപ്പാക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ പാലത്തിങ്ങൽ, വൈസ് പ്രസിഡന്റ് എം എ നജീബ്, സെക്രട്ടറി ആർ രാജേഷ്, യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പത്തിൽ സിറാജ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സാദിഖ് പോട്ടൂർ, ജനറൽ സെക്രട്ടറി ശിഹാബ് മാസ്റ്റർ, സുലൈമാൻ മൂതൂർ, ജാഫർ ചിറ്റഴിക്കുന്ന്, സിറാജ് നടുവട്ടം, ഷബീബ് ശുകപുരം പങ്കെടുത്തു.