ട്രെയിനിൽ രാത്രി മൊബൈൽ ചാർജിങ്ങിന് വിലക്ക്;നിയന്ത്രണം രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെ
തിരുവനന്തപുരം: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി രാത്രികാലങ്ങളിൽ കോച്ചുകളിലെ മൊബൈൽ ചാർജിങ് പോയിന്റുകൾ നിർബന്ധമായും ഓഫ് ചെയ്തു വെക്കാൻ റെയിൽവേ ബോർഡ് ഉത്തരവിട്ടു. രാത്രി 11മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് ഈ നിയന്ത്രണം. റെയിൽവേ ബോർഡ് ഇതുസംബന്ധിച്ച അടിയന്തര നിർദേശം എല്ലാ സോണൽ റെയിൽവേകൾക്കും കൈമാറി.
ട്രെയിനുകളിൽ അപകടങ്ങളും ഷോർട്ട് സർക്യൂട്ട് സാധ്യതകളും ഒഴിവാക്കാൻ 2014-ൽ പുറപ്പെടുവിച്ച നിർദേശം കർശനമായി നടപ്പിലാക്കാനാണ് ഈ തീരുമാനം. അടുത്തിടെ സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ ഓൺബോർഡ് ജീവനക്കാർ ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യാതിരുന്നതിനെ തുടർന്ന്, രാത്രിയിൽ ചാർജ് ചെയ്യാൻ വച്ച പവർ ബാങ്ക് പുകയോടെ പൊട്ടിത്തെറിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി. നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുടെയും സൂപ്പർവൈസർമാരുടെയും നേതൃത്വത്തിൽ മിന്നൽ പരിശോധനകൾ നടത്തും.