NATIONAL

ഒമിക്രോൺ: ആറ് മാസത്തിനുള്ളിൽ പുതിയ വാക്സിൻ പുറത്തിറക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

ഒമിക്രോണിനെ പ്രതിരോധിക്കാൻ പുതിയ വാക്സിൻ പുറത്തിറക്കാനൊരുങ്ങി സിറം ഇൻസ്റ്റിറ്റ്യൂട്ട്. ഒമിക്രോൺ വകഭേദമായ ബിഎ 5 നെ പ്രതിരോധിക്കാനുള്ള വാക്സിനാണ് യു എസ് കമ്പനിയായ നോവാവാക്സുമായി ചേർന്ന് നിർമ്മിക്കുന്നതെന്ന് സിഇഒ അദാർ പൂനാവാല പറഞ്ഞു.ബൂസ്റ്റർ ഡോസ് പോലെ തന്നെ പ്രധാനമാണെന്നും ആറ് മാസത്തിനുള്ളിൽ പ്രതീക്ഷിക്കാമെന്നും പൂനവാല വ്യക്തമാക്കി.

ഒമിക്രോൺ പ്രതീക്ഷിച്ചതു പോലെ
നിസ്സാരമല്ല. പുതിയ വകഭേദങ്ങളിൽ ആശുപത്രി കേസുകൾ കുറവാണെങ്കിലും അപകടകാരിയാണ്. അത് കൊണ്ട് ലഭ്യമാവുന്ന മുറയ്ക്ക് വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യൻ മാർക്കറ്റുകളിൽ വാക്സിൻ എത്തുന്നത് ഇന്ത്യൻ ഡ്രഗ് റെഗുലേറ്ററിന്റെ അനുമതിയെ ആശ്രയിച്ചിരിക്കും. ഇന്ത്യയിൽ ക്ലിനിക്കിൽ ട്രയൽ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷമാദ്യത്തോടെ വാക്സിൻ ലഭ്യമാക്കുമെന്നും അദാർ പൂനവാല കൂട്ടിച്ചേർത്തു. നിലവിൽ നോവാവാക്സിന്റെ പരീക്ഷണങ്ങൾ ഓസ്ട്രേലിയയിൽ പുരോഗമിക്കുകയാണ്.

ഡൽഹിയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നുണ്ട്. ഇത് വകഭേദങ്ങൾ കൂടുതലാകുന്നതിനും കാരണമാകും. ജാഗ്രത ഒഴിവാക്കരുത്, മഹാമാരി എവിടെയും അവസാനിച്ചിട്ടില്ലെന്ന് ജൂലൈയിൽ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button