രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ല, കെ.എസ്.ഇ.ബി
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് അധിക വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി. ഇത് പ്രകാരം ഹിമാചലില്‍ നിന്നോ ജി.എന്‍.എയില്‍ നിന്നോ തല്ക്കാലം വൈദ്യുതി വാങ്ങില്ലെന്നും തീരുമാനമായിട്ടുണ്ട്. കെ.എസ്.ഇ.ബി ചെയര്മാന് എന്‍ പ്രശാന്തും ഊര്‍ജ സെക്രട്ടറിയും മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ട് കാര്യങ്ങള്‍ അറിയിച്ചു.സുതാര്യമായ ടെന്‍ഡര്‍ നടപടികളോ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുന്‍കൂര്‍ അനുമതികളോ ഇല്ലാതെ ജി.എന്‍.എ വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചത് നേരത്തേ വിവാദമായിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകുകയാണെന്നും വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി ഹ്രസ്വകാല കരാറിലേക്ക് പോകണമെന്നതുമായിരുന്നു മുന്‍ കെ.എസ്.ഇ.ബി ചെയര്മാന് രാജമാണിക്യത്തിന്റെ കുറിപ്പ്. ഇതിനായി ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങാനും കുറിപ്പില്‍ നിര്‍ദേശിക്കുന്നുണ്ടായിരുന്നു.വൈദ്യുതി പ്രതിസന്ധിയില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതിക്ഷാമമെന്ന പ്രചാരണം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്നാണ് സര്‍ക്കാര്‍ സംശയിക്കുന്നത്. പിന്നാലെ രാജമാണിക്യത്തിന്റെ കുറിപ്പ് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.