CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം
എടപ്പാൾ: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT)യിലെ ബഹിരാകാശ ശാസ്ത്ര-സാങ്കേതിക ഗവേഷണ കൂട്ടായ്മയായ IRES SEDS സംഘടിപ്പിച്ച സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026-ന്റെ ഭാഗമായി നടന്ന സ്പേസ് സയൻസ് ക്വിസ് മത്സരത്തിൽ കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ധ്യാൻ നന്മയ് ഒന്നാം സ്ഥാനം നേടി.
2026 ജൂലൈ 18-ന് CUSAT എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിൽ നടന്ന പരിപാടിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ധ്യാൻ നന്മയ് ഈ നേട്ടം സ്വന്തമാക്കിയത്.
വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധവും ബഹിരാകാശ ശാസ്ത്രത്തോടുള്ള താൽപര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് IRES SEDS CUSAT എല്ലാ വർഷവും സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
പരിപാടിയിൽ മുൻ വി.എസ്.എസ്.സി.–ഐ.എസ്.ആർ.ഒ. ഡെപ്യൂട്ടി ഡയറക്ടർ അതുല ദേവി എസ്., നാസ മീഡിയ റിസോഴ്‌സ് സെന്റർ അംഗം കെ.വി.എം. അബ്ദുൽ ഗഫൂർ (NASA Gafoor) എന്നിവർ പങ്കെടുത്തു. കൂടാതെ ഡ്രോൺ സാങ്കേതികവിദ്യ, ജ്യോതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ശില്പശാലകളും സംഘടിപ്പിച്ചു.