KERALA

നിയമസഭ കയ്യാങ്കളി കേസ്; പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി.

നിയമസഭ കയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറു പ്രതികളുടെയും വിടുതല്‍ ഹരജി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയുടെതാണ് ഉത്തരവ്. നവംബര്‍ 22നു പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും.
നിയമസഭ കയ്യാങ്കളി കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, എംഎല്‍എമാരായ കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. നവംബര്‍ 22 ന് പ്രതികള്‍ ഹാജരാകണമെന്നും തിരുവനന്തപുരം സി ജെ എം കോടതി ഉത്തരവിട്ടു. അന്നു തന്നെ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളിയ സുപ്രീം കോടതി പ്രതികള്‍ എല്ലാവരും വിചാരണ നേരിടണമെന്ന് നേരത്തെ നിരീക്ഷിച്ചിരുന്നു. കെട്ടിച്ചമച്ച ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും വാച്ച് ആന്‍ഡ് വാര്‍ഡന്‍മാരെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പ്രതികള്‍ കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ പ്രഥമദൃഷ്ട്യാ പ്രതികള്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് വിടുതല്‍ ഹര്‍ജികള്‍ കോടതി തള്ളിയത്. ബാര്‍ കോഴക്കേസില്‍ ആരോപണം നേരിടവേ ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് നിയമസഭയില്‍ കയ്യാങ്കളി നടന്നത്. സ്പീക്കറുടെ ഡയസ് അടിച്ചു തകര്‍ത്തും കമ്പ്യൂട്ടറുകള്‍ അടക്കം നശിപ്പിച്ചും പ്രതികള്‍ നിയമസഭയില്‍ രണ്ട് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണ് കേസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button