തിരൂര്‍ നഗരസഭ സമ്പൂര്‍ണമാലിന്യ മുക്തമാക്കുന്നതിന് ഒമ്പതര കോടിയുടെ പദ്ധതി

തിരൂർ നഗരസഭ 5 വർഷത്തിനുള്ളിൽ സമ്പൂർണ്ണ മാലിന്യമുക്തമാക്കുന്നതിനായി ഒമ്പതര കോടിയുടെ പദ്ധതിക്കാണ് അംഗീകാരമായിരിക്കുന്നത്. കേരള ഖര മാലിന്യനിർമാർജന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. നഗരസഭയിലെ മാലിന്യ സംസ്കരണ പ്ലാന്റ് ശാക്തീകരിക്കുന്നതിനാണ് ഈ വർഷം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഹരിത കർമ്മ സേനയുടെ പ്രവർത്തനം ആധുനികവൽക്കരിക്കുക, പൊതു സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുക, തുടങ്ങിയ വിവിധ പദ്ധതികൾക്കാണ് പ്രഥമ പരിഗണന നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച പദ്ധതി രൂപീകരിക്കുന്നതിനായി വിവിധ മേഖലകളിലുള്ള വിദഗ്ധരുടെ ചർച്ച സംഗമം സംഘടിപ്പിച്ചു. സംഗമം കുറുക്കോളി മൊയ്‌തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ എ പി നസീമ അധ്യക്ഷയായിരുന്നു. സോഷ്യൽ ആൻഡ് കമ്മ്യൂണിക്കേഷൻ വിദഗ്ധൻ പി.ഡി ഫിലിപ്പ് പദ്ധതി വിശദീകരിച്ചു. സദാനന്ദൻ കരട് പദ്ധതി അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു