ടി.കെ.പത്മിനി പുരസ്‌കാരം പി.ഗോപിനാഥിന് 15-ന് എടപ്പാൾ വള്ളത്തോൾ കോളേജിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും
എടപ്പാൾ: ചിത്രകലയുടെ പെൺകരുത്ത് തെളിയിച്ച് അകാലത്തിൽ പൊലിഞ്ഞ ടി.കെ.പത്മിനിയുടെ സ്മരണക്കായി പത്മിനി ട്രസ്റ്റും കേരള ലളിത കലാ അക്കാദമിയും ചേർന്ന് നൽകുന്ന ടി.കെ.പത്മിനി പുരസ്‌കാരം ബയോ മോർഫിക്ക് ഇമേജസ് എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ ചിത്രകാരൻ പി.ഗോപിനാഥിന് നൽകുമെന്ന് പുരസ്‌കാര സമിതി ഭാരവാഹികൾ അറിയിച്ചു.25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.സമഗ്ര സംഭാവനക്കായി കഴിഞ്ഞ ഏഴു വർഷമായി നൽകുന്ന പുരസ്‌കാരമാണ് പൊന്നാനി സ്വദേശിയും മദ്രാസ് ആക്ട്‌സ് കോളേജ് ബിരുദധാരിയുമായ ഗോപിനാഥിന് നൽകുന്നത്. കെ.സി.എസ്.പണിക്കരുടെ ശിഷ്യനായ ഇദ്ദേഹം ചിത്രകാരനെന്നതിലുപരി കലാ സൈദ്ധാന്തികൻ കൂടിയാണ്. ചെന്നൈയിലെ ചോളമണ്ഡലം കലാഗ്രാമത്തിൽ താമസിച്ചാണ് കലാപ്രവർത്തനം നടത്തുന്നത്.ചിത്രകാരനും നോവലിസ്റ്റുമായ പി.സുരേന്ദ്രൻ, ആലങ്കോട് ലീലാകൃഷ്ണൻ,ചിത്രകാരൻ കെ.യു.കൃഷ്ണകുമാർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്തിയത്. 15-ന് വൈകുന്നേരം അഞ്ചിന് എടപ്പാൾ വള്ളത്തോൾ കോളേജിൽ നടക്കുന്ന ടി.കെ.പത്മിനി അനുസ്മരണ സമ്മേളനത്തിൽ വെച്ച് പി.നന്ദകുമാർ എം.എൽ.എ.പുരസ്‌കാരം സമർപ്പിക്കും