Local newsPONNANI

ദേശീയപാതാ വികസനം : ആനപ്പടിയിലും വേണം അടിപ്പാത

പൊന്നാനി : പുതുപൊന്നാനി-ചാവക്കാട് ദേശീയ പാതയിലെ ആനപ്പടിക്കും പുതുപൊന്നാനി പാലത്തിനുമിടയിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്ത്.ദേശീയപാതാ വികസനം പൂർത്തിയാകുന്നതോടെ റോഡിന്റെ ഇരുവശത്തുള്ളവർ റോഡ് മുറിച്ചുകടക്കാൻ കിലോമീറ്ററുകൾ യാത്രചെയ്യേണ്ട സ്ഥിതിവരും. ഈ സാഹചര്യത്തിലാണ് ഈ ഭാഗത്ത് അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.പുതുപൊന്നാനി ദേശീയപാത ആക്‌ഷൻ കൗൺസിലിന്റെ അഭ്യർഥനയെ തുടർന്ന് മെട്രോമാൻ ഇ. ശ്രീധരൻ പ്രദേശം സന്ദർശിച്ചു.ആനപ്പടിക്കും വെളിയങ്കോടിനുമിടയിൽ 4.3 കിലോമീറ്റർ ഭാഗത്ത് അടിപ്പാതകൾ ഇല്ല. റോഡുമുറിച്ചുകടക്കാൻ ഈ ഭാഗത്തുള്ളവർക്ക് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. പുതുപൊന്നാനി എം.ഐ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ബി.എഡ്. കോളേജ്, അറബിക് കോളേജ്, എ.യു.പി. സ്കൂൾ, ജി.എഫ്.യു.പി. സ്കൂൾ, കടവനാട് ജി.എഫ്.എൽ.പി. സ്കൂൾ, പുതുപൊന്നാനി ജി.എഫ്.എൽ.പി. സ്കൂൾ തുടങ്ങിയവ ഈ മേഖലയിലാണ്. എന്നും ആറായിരത്തോളം കുട്ടികൾ വന്നുപോകുന്നുണ്ട്. അടിപ്പാത നിർമിച്ചില്ലെങ്കിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് സ്കൂളിലെത്താനും തിരിച്ചുപോകാനും ഏറേ ബുദ്ധിമുട്ടാകും.മൂന്ന് ക്ഷേത്രങ്ങളും അഞ്ച് പള്ളികളും തീർഥാടനകേന്ദ്രമായ പുതുപൊന്നാനി മുനമ്പത്ത് ബീവി ജാറവും ഈ മേഖലയിലാണ്. മൃതദേഹങ്ങൾ സംസ്കരിക്കാൻ പള്ളി ശ്മശാനങ്ങളിലേക്കെത്തിക്കാനും പ്രയാസപ്പെടും. ആയിരക്കണക്കിന് ആളുകൾക്ക് യാത്ര ദുഷ്കരമാകുന്നതാണ് നിലവിലെ അലൈൻമെന്റ്.പുതുപൊന്നാനി പാലത്തിനും ആനപ്പടിക്കുമിടയിൽ അടിപ്പാത നിർമിച്ചാൽ പ്രദേശത്തുകാർക്ക് യാത്രാസൗകര്യമാകുമെന്ന് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.അടിപ്പാതയാണ് ഈ മേഖലയിൽ പ്രായോഗികമെന്ന് സന്ദർശനം നടത്തിയ ഇ ശ്രീധരനും പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിക്ക്‌ കത്തയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.ആനപ്പടി, പുതുപൊന്നാനി മേഖലകളിൽ ഇ. ശ്രീധരനൊപ്പം ആക്‌ഷൻ കമ്മിറ്റി വൈസ് ചെയർമാൻ അഡ്വ. കെ.പി. അബ്ദുൽജബ്ബാർ, നഗരസഭ കൗൺസിലർഎ . ബാദുഷ കെ. ആസിഫ്, വി.കെ. അനസ്, പി.എം. അലി, കെ.പി. അഷറഫ്, വി. അഷറഫ്, എ.വി. കരീം, മൊയ്തുട്ടി എന്നിവരും സന്ദർശനം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button