ENTERTAINMENT
കേരളാ സ്റ്റോറി സിനിമയുടെ പ്രദർശനം തടയണം, ഹൈക്കോടതിയിൽ ഹർജികൾ; അടിയന്തര സ്റ്റേ അനുവദിച്ചില്ല
സിനിമയിലെ വിദ്വേഷപരമായ പരാമർശങ്ങൾ എല്ലാം നീക്കം ചെയ്യണം, സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ നടപടി റദ്ദാക്കണമെന്നതടക്കമാണ് ഹർജിയിലെ ആവശ്യം. സിനിമക്ക് സെൻസർ ബോർഡിന്റെ സൂക്ഷ്മ പരിശോധന ആവശ്യമാണ്. ടീസറിലെ പല ഭാഗങ്ങളും കേരളത്തെ അപകീർത്തിപെടുത്തുന്ന രീതിയിലുള്ളതാണെന്നും നിലവിൽ 10 രംഗങ്ങൾ മാത്രമെ സെൻസർ ബോർഡ് നീക്കം ചെയ്തിട്ടുള്ളൂവെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു.
ടീസറിലെ പരാമർശങ്ങൾ സിനിമയുടെ പൂർണ്ണമായ ഉദ്ദേശമായി കണക്കാക്കാനാക്കുമോയെന്ന് ചോദിച്ച കോടതി, ടീസർ മാത്രമല്ലേ കണ്ടിട്ടുള്ളൂവെന്നും സിനിമ കണ്ടിട്ടില്ലല്ലോയെന്നും ഹർജിക്കാരനോട് കോടതി ആരാഞ്ഞു. ടീസറിനെതിരെയാണ് ആരോപണമെന്നും ചിത്രത്തിനെതിരെ ഹർജിക്കാരൻ ആരോപണം ഉന്നയിക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ചിത്രം കണ്ടിട്ടില്ലെന്നത് ഹർജിക്കാരൻ സമ്മതിക്കുന്നതായും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി.
വിവാദങ്ങൾക്കിടെ ദ കേരളസ്റ്റോറി സിനിമയുടെ യൂടൂബ് വിവരണം അണിയറ പ്രവർത്തകർ തിരുത്തി. മുപ്പത്തിരണ്ടായിരം യുവതികൾ കേരളത്തിൽ നിന്ന് ഭീകരവാദ സംഘടനകളിലേക്ക് പോയെന്ന് സൂചന നൽകുന്ന വാചകം ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പിൽ നിന്ന് ഒഴിവാക്കി. കേരളത്തിലെ മൂന്നു പെൺകുട്ടികളുടെ യഥാർത്ഥ കഥ എന്നാണ് പുതിയ വിവരണത്തിൽ പറയുന്നത്. 32,000 കുടുംബങ്ങളുടെ കഥ എന്നായിരുന്നു ആദ്യം അടിക്കുറിപ്പായി നൽകിയിരുന്നത്.