മലപ്പുറം ജില്ല ശ്വസിച്ചത് കേട്ടാൽ ശ്വാസം നിലക്കും; പരിമിതികൾക്കുള്ളിലും ചിട്ടയായ പ്രവർത്തനത്തിലൂടെ കോവിഡിനെ പിടിച്ച് കെട്ടാൻ ശ്രമം
വേണ്ടത്ര വെന്റിലേറ്ററുകളോ ഓക്സിജൻ പ്ലാൻറുകളോ, ഐ.സി.യുകളോ കിടക്കകളോ ഇല്ലാത്ത ജില്ല. എന്നാൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അതിജീവിക്കാനുള്ള ശ്രമം. രണ്ടാം തരംഗത്തിലെ രണ്ടുമാസത്തിനിടെമാത്രം മലപ്പുറത്തുകാരുടെ ശ്വാസം നിലനിർത്താനുപയോഗിച്ച ഓക്സിജന്റെ അളവുകേട്ടാൽ ഞെട്ടും- 49.55 കോടി ലിറ്റർ. ജില്ലയിൽ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലുമായി 5938 ഓക്സിജൻ സിലിൻഡറുകളാണുള്ളത്. ഇതിൽതന്നെ 755 ബി ടൈപ്പ് സിലിൻഡറുകൾ വ്യവസായ മേഖലയിൽനിന്ന് പിടിച്ചെടുക്കേണ്ടിവന്നു. പിടിച്ചെടുത്ത 755 എണ്ണം ഉടൻ തിരിച്ചുനൽകും. പകരം 500 ബി ടൈപ്പും 500 ഡിടൈപ്പും പുതുതായി എത്തും.
രണ്ടുമാസത്തിനിടെ ബി. ടൈപ്പ് സിലിൻഡറുകൾ നിറച്ചത് 37,000 തവണ. ഡി. ടൈപ്പാകട്ടെ 57,500 വട്ടവും. 5.72 ലക്ഷം ലിറ്റർ ദ്രവ ഓക്സിജൻ ലിക്വിഡ് മെഡിക്കൽ ടാങ്കിൽ താപനില നിയന്ത്രിച്ച് സൂക്ഷിച്ചുവെച്ചു. ഇത് ഗ്യാസ് ഓക്സിജനാക്കി ഉപയോഗിച്ചു. കോട്ടയ്ക്കൽ മരവട്ടത്തേയും മേലേ ചേളാരിയിലേയും റീഫില്ലിങ് സൗകര്യമുപയോഗപ്പെടുത്തി. ഓക്സിജന്റെ അളവ് 94-ൽ കുറവുള്ള രോഗികൾക്ക് ചിലപ്പോൾ ഓക്സിജന്റെ സഹായം വേണ്ടിവന്നേക്കാം. ഓക്സിജന്റെ അളവ് 94-ൽ കൂടുതലാക്കുകയാണ് ഓക്സിജൻ കൊടുക്കുന്നതിന്റെ ലക്ഷ്യം. ഓക്സിജൻ കൊടുക്കാൻ പലതരം യന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്. നെയ്സൽ കാനുല, നെയ്സൽ പ്രോങ്ക്‌സ് എന്നിവ വഴി മിനിറ്റിൽ ഒന്നുമുതൽ രണ്ടുലിറ്റർവരെ ഗ്യാസ് ഓക്സിജൻ നൽകും.