തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിൽ, പൂരാവേശത്തിൽ തൃശൂർ
April 30, 2023
തൃശൂർ :പൂരാവേശത്തിൽ തൃശ്ശൂർ. ചെറുപൂരങ്ങളുടെ വരവ് തുടങ്ങി. ആവേശം കൊടുമുടി കയറ്റി നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റി, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിലേക്കെത്തി. ആയിരങ്ങളാണ് ഗജസാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ വഴിനീളെ കാത്തുനിന്നത്. വൻ ജനാവലിയാണ് പൂരനഗരിയെ സമ്പുഷ്ടമാക്കുന്നത്. ഘടക പൂരങ്ങളെല്ലാം കിഴക്കേനടയിലേക്ക് എത്തിയ ശേഷം രാവിലെ പതിനൊന്നരയോടെ മഠത്തിൽവരവ് പഞ്ചവാദ്യം തുടങ്ങും. ഉച്ചയ്ക്ക് 12.15 നാണ് പാറമേക്കാവിന്റെ എഴുന്നെള്ളത്ത്. രണ്ടു മണിക്ക് ഇലഞ്ഞിത്തറമേളം നടക്കും. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടർന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും. നാളെ ഉച്ചയോടെ പൂരം സമാപിക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണെത്തുന്നത്. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.