Uncategorized

ഉയരമില്ലാത്തതിനാല്‍ പ്രണയങ്ങള്‍ പരാജയപ്പെട്ടു; 1.35 കോടി രൂപ ചെലവഴിച്ച് ശസ്ത്രക്രിയചെയ്ത് യുവാവ്

സൗന്ദര്യം വര്‍ധിപ്പക്കാന്‍ പലരും പലതരത്തിലുമുള്ള ശസ്ത്രക്രിയകള്‍ക്കും വിധേയമാകാറുണ്ട്. മൂക്കിന്റെ നീളം കൂട്ടിയും കണ്‍പീലികള്‍ കൂട്ടിച്ചേര്‍ത്തുമെല്ലാം സ്ത്രീകള്‍ സൗന്ദര്യം വര്‍ധിപ്പിക്കാറുണ്ട്. പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയമാകുന്നവരുടേയും എണ്ണം കൂടുതലാണ്. ഇത്തരത്തില്‍ അമേരിക്കയിലെ മിനസോട്ടയില്‍ നിന്നുള്ള ഒരു യുവാവ് തന്റെ നീളം കൂട്ടാനായി ചിലവഴിച്ചത് 1,70,000 യുഎസ് ഡോളറാണ്. അതായത് ഏകദേശം 1.35 കോടി രൂപ.മോസസ് ഗിബ്‌സണ്‍ എന്ന 41-കാരനാണ് അഞ്ച് ഇഞ്ച് നീളം കൂട്ടാന്‍ ഇരുകാലുകള്‍ക്കും ശസ്ത്രക്രിയ നടത്തിയത്. അഞ്ചടി അഞ്ച് ഇഞ്ചാണ് മോസസിന്റെ ഉയരം. ഉയരം ഇനിയും കൂട്ടാനായി ധ്യാനവും യോഗയുമെല്ലാം മോസസ് ചെയ്തുനോക്കി. എന്നാല്‍ ഈ പരീക്ഷണങ്ങളൊന്നും വിജയിച്ചില്ല. ഇതോടെയാണ് ശസ്ത്രക്രിയ തിരഞ്ഞെടുത്തത്.’ഉയരക്കുറവ് എന്നെ പല തരത്തില്‍ ബാധിച്ചു. എന്റെ ആത്മവിശ്വാസം ഇല്ലാതാക്കി. ജീവിതത്തില്‍ സന്തോഷം നഷ്ടപ്പെട്ടു. സ്ത്രീകളോട് സംസാരിക്കാന്‍ പോലും കഷ്ടപ്പെട്ടു. എന്റെ പ്രണയജീവിതത്തേയും അത് ബാധിച്ചു. ഡേറ്റിങ് ലൈഫും പരാജയമാകാന്‍ തുടങ്ങി. ഹൈ ഹീലുള്ള ഷൂ ധരിച്ചുനോക്കി. ഇടയ്ക്ക് ഗുളികകളും കഴിച്ചു. എന്നാല്‍ അതൊന്നും വിജയിച്ചില്ല’, കെന്നഡി ന്യൂസ് ആന്റ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മോസസ് പറയുന്നു.ശസ്ത്രക്രിയ മൂന്നു വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയത്. 2016-ല്‍ പ്രാരംഭ നടപടികള്‍ തുടങ്ങി. ആദ്യ ഘട്ടത്തില്‍ മൂന്ന് ഇഞ്ച് ഉയരം വര്‍ധിച്ചത് ആത്മവിശ്വാസം കൂട്ടി. കഴിഞ്ഞ മാര്‍ച്ചില്‍ രണ്ടാമത്തെ ശസ്ത്രക്രിയയും നടത്തി. ഇതോടെ നീളം രണ്ടിഞ്ച് കൂടി വര്‍ധിച്ചു. നിലവില്‍ മോസസിന്റെ ഉയരം അഞ്ചടി പത്ത് ഇഞ്ചാണ്.’ഒരുപാട് വേദനകളിലൂടെ കടന്നുപോയി. പണം കണ്ടെത്താനായി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായും ഊബര്‍ ഡ്രൈവറായുമെല്ലാം ജോലിയെടുത്തു. ഇതിനെല്ലാം ഫലമുണ്ടായി. ഇപ്പോള്‍ എന്റെ ആത്മവിശ്വാസം കൂടി. എല്ലാവരോടും തലയുയര്‍ത്തി തന്നെ സംസാരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എനിക്ക് ഒരു കാമുകിയുണ്ട്. എല്ലാ തരത്തിലും ഞാന്‍ ജീവിതത്തില്‍ സന്തോഷവാനാണ്’, മോസസ് വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button