അസ്സബാഹ് കോളേജിലെ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി
ചങ്ങരംകുളം: മാലിന്യം നിറഞ്ഞ തോടുകൾ ശുചീകരിച്ച് പാവിട്ടപ്പുറം അസ്സബാഹ് ആർട്സ് ആന്റ് സയൻസ് കോളേജ് നാഷ്ണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. ആലംകോട് പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെട്ട ചിയ്യാനൂർ പാടത്തെ പ്രധാന തോടാണ് വിദ്യാർത്ഥികൾ ശുചീകരിച്ചത്. നിറവ് എന്ന പേരിൽ ചിയ്യാനൂർ ജിഎൽപി സ്കൂളിലാണ് ഒരാഴ്ച നീണ്ട് നിൽക്കുന്ന സഹവാസ ക്യാമ്പ് നടക്കുന്നത്. ഡിസംബർ 24ന് ആരംഭിച്ച ക്യാമ്പ് 30 വരെ നീണ്ട് നിൽക്കുമെന്ന് ക്യാമ്പിന് നേതൃത്വം നൽകുന്നവർ പറഞ്ഞു. പ്രോഗ്രാം ഓഫീസർ രാജേഷ് കണ്ണൻ, അധ്യാപകനായ അബ്ദു റഹ്മാൻ, വളണ്ടിയേഴ്സ്, സെക്രട്ടറിമാരായ അൽത്താഫ്, ഷിംന എന്നിവരുടെ നേതൃത്വത്തിൽ 48 പേരടങ്ങുന്ന സംഘമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വാർഡ് മെമ്പർ മജീദിന്റെ നിർദേശ പ്രകാരമാണ് മാലിന്യങ്ങൾ നിറഞ്ഞ തോടിന്റെ നവീകരണം നടത്തുന്നത്. വേനൽ കടുക്കുന്നതോടെ ജലക്ഷാമം നേരിടുന്ന പ്രദേശത്തെ കർഷകർക്ക് തോടിന്റെ നവീകരണ പ്രവൃത്തികൾ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.