Local newsPONNANI

സിവിൽ സ്റ്റേഷനിൽ കയറാനാകാതെ മൻസൂർ മടങ്ങി ഭിന്നശേഷി കമ്മിഷൻ സ്വമേധയാ കേസെടുത്തു

പൊന്നാനി: സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിലെ സബ് റജിസ്ട്രാർ ഓഫിസിലേക്ക് കയറാനാകാതെ ഭിന്നശേഷിക്കാരനായ മൻസൂർ 3 മണിക്കൂർ കാത്തു നിന്ന് മടങ്ങേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചപാകേശൻ സ്വമേധയാ കേസെടുത്തു. സംസ്ഥാനത്തെ മുഴുവൻ ജില്ലാ കലക്ടർമാരിൽ നിന്നും ബന്ധപ്പെട്ട സിവിൽ സ്റ്റേഷനുകളിലെയും, മിനി സിവിൽ സ്റ്റേഷനുകളിലെയും, ഭിന്നശേഷിക്കാർക്കുള്ള സൗകര്യവും ക്രമീകരണങ്ങളും സംബന്ധിച്ച വിശദ റിപ്പോർട്ട്‌ ആവശ്യപ്പെടാനും ഉത്തരവായിട്ടുണ്ട്.

ജില്ലാ കലക്ടർ, റജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ, ജില്ലാ റജിസ്ട്രാർ, പൊന്നാനി സബ് റജിസ്ട്രാർ എന്നിവർക്ക് നോട്ടിസ് അയക്കാനും ഉത്തരവായി. പൊന്നാനി സിവിൽ സ്റ്റേഷനിലെ 49 പടികൾ കയറാനാകാതെ മൻസൂർ ഓഫിസിനു താഴെ മണിക്കൂറുകൾ കാത്തു നിന്ന സംഭവം ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭിന്നശേഷി കമ്മിഷണറുടെ ഇടപെടലുണ്ടായത്. റജിസ്ട്രേഷൻ ചട്ടം പറഞ്ഞാണ് ഉദ്യോഗസ്ഥർ താഴേക്ക് ഇറങ്ങി വരാൻ തയാറാകാതിരുന്നത്.

പ്രത്യേക ഫീസ് അടച്ച് അപേക്ഷ നൽകിയതിനെത്തുടർന്ന് തൊട്ടടുത്ത ദിവസം ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിരുന്നത്. പൊന്നാനി നഗരസഭാ കാര്യാലയത്തിലും സിവിൽ സ്റ്റേഷനിലും ഭിന്നശേഷിക്കാർക്കായി സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button