പരപ്പനങ്ങാടിയില്‍നിന്ന് പൊന്നാനിയിലേക്ക് നവംബർ ഒന്നുമുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കുന്നു
താനൂര്‍: റോഡ് വഴി പരപ്പനങ്ങാടിയില്‍നിന്ന് പൊന്നാനിയിലേക്ക് നവംബർ ഒന്നുമുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന് വാർത്താകുറിപ്പിൽ അറിയിച്ചു. പരപ്പനങ്ങാടിയില്‍നിന്ന് പൊന്നാനിയിലേക്ക് ഒട്ടുംപുറം, വാഴക്കത്തെരു, ഉണ്യാല്‍, കൂട്ടായി, ആലിങ്ങല്‍, ചമ്രവട്ടം പാലം വഴിയാണ് സര്‍വീസ്. രണ്ട് ബസുകളാണ് ഇരുഭാഗത്തേക്കുമായി സര്‍വീസ് നടത്തുക. നിലവില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ മാത്രമാണ് ഈ റൂട്ടിലുള്ളത്. ജില്ലയിലെ മിക്ക മത്സ്യബന്ധന ഗ്രാമങ്ങളിലൂടെയും ബസ് സഞ്ചരിക്കും. ഒട്ടേറെ സര്‍വീസുകള്‍ നേരത്തെ തന്നെയുള്ളതിനാല്‍ തിരൂര്‍, താനൂര്‍ നഗരങ്ങളെയും ബസ് സ്റ്റാന്‍ഡുകളെയും റൂട്ടില്‍നിന്ന് ഒഴിവാക്കും. തുടങ്ങുന്നതുമുതല്‍ അവസാനിക്കുന്നതുവരെ അറബിക്കടലിന് സമാന്തരമായാണ് സര്‍വീസ്. ഒട്ടുംപുറം തൂവല്‍തീരം വിനോദസഞ്ചാര കേന്ദ്രവും കനോലി കനാല്‍, പൂരപ്പുഴ എന്നിവ അറബിക്കടലില്‍ സംഗമിക്കുന്നതും അസ്തമയവും യാത്രയില്‍ കാണാനാകുമെന്നും മന്ത്രി അറിയിച്ചു.