ജലജീവൻ മിഷൻ പദ്ധതി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കൽ ചോദ്യചിഹ്നം
എടപ്പാൾ: ജല ജീവൻ മിഷൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകളുടെ പുനർ നിർമാണത്തിൽ തിരിച്ചടി. ചാലുകൾ പുറമേ റോഡിൽ
സംഭവിച്ച മറ്റ് കേടുപാടുകൾ തീർക്കൽ ജല അതോറിറ്റിയുടെ കരാർ വ്യവസ്ഥകളിൽ ഇല്ലെന്നതാണ് തിരിച്ചടിയായത്. കൂടാതെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സാഹചര്യത്തിൽ റോഡുകളുടെ പുനർ നിർമാണം നടത്തുന്നതിൽ കാലതാമസവും നേരിടും. എല്ലാവർക്കും വെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തിൽ ഊന്നി ആരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.
പദ്ധതിയുടെ ഭാഗമായി റോഡുകളെല്ലാം വെട്ടിപ്പൊളിച്ച് ആയിരുന്നു ചാലുകൾ നിർമിച്ച് പൈപ്പ് ലൈനുകൾ സ്ഥാപിച്ചിരുന്നത്. വീടുകളിൽ വെള്ളം എത്തിക്കുന്നതിനായി വേഗത്തിൽ ജോലികൾ പുരോഗമിക്കുന്നുണ്ട്. പദ്ധതിക്കു വേണ്ടി അടുത്തിടെ നവീകരിച്ച റോഡുകൾ ഉൾപ്പെടെ വെട്ടിപ്പൊളിച്ചിരുന്നു. മിക്ക റോഡുകൾക്കും കൂടുതൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ റോഡുകളുടെ പുനർ നിർമാണമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് വെല്ലുവിളിയായി മാറുന്നത്. റോഡിൽ സംഭവിച്ച മറ്റ് കേടുപാടുകൾ തീർക്കൽ ജല അതോറിറ്റിയുടെ കരാർ വ്യവസ്ഥകളിൽ ഇല്ലെന്നതാണ് ആശങ്ക ഉയർത്തുന്നത്.
തകർന്ന ഭാഗങ്ങൾ കൂടി അറ്റകുറ്റപ്പണി നടത്തേണ്ടി വന്നാൽ ജല അതോറിറ്റിക്ക് അധിക ബാധ്യത ഉണ്ടാകും എന്നതിനാൽ ഇവർ ഇതിന് തയാറാകില്ല. തുക വകയിരുത്തി തദ്ദേശ സ്ഥാപനങ്ങൾ തകരാർ പരിഹരിക്കുമെന്ന് കരുതിയെങ്കിലും നേരത്തേ വകയിരുത്തിയ പദ്ധതികളുടെ തുക വെട്ടിക്കുറച്ച സാഹചര്യത്തിൽ ഇതിനായി വീണ്ടും തുക നീക്കിവയ്ക്കാൻ ഇവർ തയാറാകില്ല എന്നതിനാൽ തകർന്ന റോഡുകളുടെ പുനർ നിർമാണം വൈകാനാണ് സാധ്യത.