പഴകിയതും ഫോർമാലിൻ കലർത്തിയതുമായ മത്സ്യം; പൊന്നാനിയിലും നരിപ്പറമ്പിലും പരിശോധന നടത്തി
എടപ്പാൾ: ജില്ലയിൽ ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഒരാഴ്ചയ്ക്കിടെ പിടിച്ചെടുത്ത് നശിപ്പിച്ചത് പഴകിയതും ഫോർമാലിൻ കലർത്തിയതുമായ 410 കിലോ മത്സ്യം. മത്സ്യങ്ങളിൽ വ്യാപകമായി മായംചേർക്കുന്നൂവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. 136 മത്സ്യ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 410 കിലോയോളം വരുന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി നശിപ്പിച്ചത്. കൊണ്ടോട്ടി, തിരൂരിലെ മൊത്തവ്യാപാര ചന്തകൾ, നിലമ്പൂർ, പോത്തുകല്ല്, പൊന്നാനി, നരിപ്പറമ്പ്, വണ്ടൂർ എന്നിവിടങ്ങളിലെ ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലബോറട്ടറി ഉപയോഗിച്ചാണ് പരിശോധന. തുടർന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണർ സി.ആർ. രൺദീപ് അറിയിച്ചു. ജി.എസ്. അർജുൻ, ഡോ. വി.എസ്. അരുൺകുമാർ, ഡോ. കെ.സി. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ.