തൃശൂർ പൂരം അവലോകന യോഗം ഇന്ന്
തൃശൂർ: തൃശൂർ പൂരം ഒരുക്കങ്ങൾ സംബന്ധിച്ച് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ സാനിധ്യത്തിൽ അവലോകന യോഗം ഞായറാഴ്ച നടക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് ആണ് യോഗം. കഴിഞ്ഞ ദിവസം പൂരം പ്രദർശന നഗരിയിൽ ജി.എസ്.ടി വിഭാഗം നടത്തിയ പരിശോധന, ബാരിക്കേഡ് കെട്ടുന്നതിലടക്കമുള്ള തർക്കങ്ങൾ, വെടിക്കെട്ട് കാണാനെത്തുന്നവർക്ക് സ്വരാജ് റൗണ്ടിൽ പ്രവേശനമനുവദിക്കുന്നത്, സ്ത്രീകൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതടക്കമുള്ള വിഷയങ്ങളിൽ മന്ത്രിയുടെ സാനിധ്യത്തിൽ നടക്കുന്ന യോഗത്തിൽ പരിഹാരമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രിയുമായി ദേവസ്വങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം. കഴിഞ്ഞ ദിവസം കോർപ്പറേഷൻതലത്തിൽ അവലോകന യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ജില്ലാ ഭരണകൂടം വിളിച്ചു ചേർത്ത രണ്ട് യോഗങ്ങളിൽ സ്ഥലം എം.എൽ.എയെ വിളിക്കാതിരുന്നത് ഏറെ വിവാദമായിരുന്നു. ഞായറാഴ്ച ചേരുന്ന യോഗത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രിമാരും എം.പിയും എം.എൽ.എയും പങ്കെടുക്കും. ദേവസ്വങ്ങളുടെ പ്രതിനിധികൾ, പൊലീസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട്, കോർപ്പറേഷൻ മേയർ, വിവിധ വകുപ്പ് മേധാവികൾ എന്നിവരോട് യോഗത്തിൽ പങ്കെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ബാരിക്കേഡും, ഗ്യാലറിയും കെട്ടിയിരുന്നത് പൊതുമരാമത്ത് വിഭാഗമായിരുന്നു. ഇത്തവണ ദേവസ്വങ്ങൾ ചിലവ് എടുക്കണമെന്ന് കലക്ടർ യോഗത്തിൽ നിർദേശം വെച്ചതാണ് തർക്കത്തിനിടയാക്കിയത്. കലക്ടറുടെ നിലപാടിനെതിരെ ദേവസ്വങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. ഇതേ തുടർന്ന് പൊലീസ് വിളിച്ചു ചേർത്ത യോഗം ദേവസ്വങ്ങൾ ബഹിഷ്കരിച്ചിരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച ദേവസ്വങ്ങളുടെ അതൃപ്തി മന്ത്രിയെ അറിയിക്കും. നിലവിലെ പ്രതിസന്ധി സാഹചര്യവും സർക്കാരിൽ നിന്നും സഹായവും വേണമെന്ന ആവശ്യമുൾപ്പെടെ ദേവസ്വങ്ങൾ മന്ത്രിമാരെ അറിയിക്കും. എല്ലാ തർക്കങ്ങൾക്കും യോഗത്തിൽ പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിയുടെ സാനിധ്യത്തിൽ നടക്കുന്ന യോഗത്തിന് ശേഷം പൊലീസിൻറെ യോഗം ചേരും. മെയ് 10നാണ് പൂരം. എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്.