പട്ടിത്തറ തലക്കശ്ശേരിയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണ്ണവും 40,000 രൂപയും കവർന്നു
ചാലിശ്ശേരി പട്ടിത്തറ തലക്കശ്ശേരിയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണ്ണവും 40,000 രൂപയും കവർന്നു. പട്ടിത്തറ പഞ്ചായത്തിലെ തലക്കശ്ശേരി ചാരുപടിക്കൽ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് ലോക്കറിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണാഭരണങ്ങളും
നാൽപ്പതിനായിരം രൂപയും കവർന്നെടുത്തു.വീട്ടുടമസ്ഥനായ അബൂബക്കറും കുടുംബവും വിദേശത്തായതിനാൽ വീട് അടഞ്ഞ്
കിടക്കുകയായിരുന്നു.വീടും പരിസരവും നോക്കുന്നതിനായി പരിസരവാസിയായ ആളെയാണ് ഏൽപ്പിച്ചിരുന്നത്. ഇയാൾ വൈകുന്നേരം വീട്ടിലെ ലൈറ്റ് ഇടാൻ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിതുറന്നതായി ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഇയാൾ തൃത്താല പോലീസിൽ വിവരം
അറിയിക്കുകയായിരുന്നു.തൃത്താല പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മോഷണം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം രാത്രിയിൽ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. തൃത്താല പോലീസും, ഫോറൻസിക് വിഭാഗവും, ഡോഗ് സ്ക്വാഡും
സ്ഥലത്തെത്തി പരിശോധന നടത്തി.
