ഒരു കിലോ ചെറുനാരങ്ങക്ക് 180 രൂപ, തണ്ണിമത്തന് 30 ; പഴങ്ങളിൽ തൊട്ടാൽ പൊള്ളും
രണ്ടാഴ്ച മുൻപ് 80രൂപയായിരുന്ന ഒരു കിലോ ചെറുനാരങ്ങയുടെ വില ഇന്ന് 180 ആണ്. ഒരു കിലോ തണ്ണിമത്തന്റെ വില പത്ത് ദിവസത്തിനിടെ 12 രൂപയിൽ നിന്ന് മുപ്പതിലെത്തി. ഷമാമിന് കിലോക്ക് കൂടിയത് 35രൂപയാണ്.പൈനാപ്പിളിനും ഓറഞ്ചിനുമൊക്കെ 30 രൂപയുടെ വരെ വർധനവാണ് രണ്ടാഴ്ചക്കിടയിൽ ഉണ്ടായത്.
തൊട്ടാൽ പൊള്ളുന്ന വിലയെന്ന പ്രയോഗം മാറ്റി കേട്ടാൽ പൊള്ളുന്ന വിലയെന്ന് പഴ വർഗങ്ങളുടെ വിലയെക്കുറിച്ച് വിശേഷിപ്പിച്ചാൽ തെറ്റുണ്ടാവില്ല. ഒരു കിലോ പഴവർഗങ്ങൾക്ക് 50 രൂപ വരെ നിന്ന നിൽപ്പിൽ കൂടി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പഴങ്ങൾ വരുന്നത് കുറഞ്ഞതുകൊണ്ടാണ് വില ഇങ്ങനെ കൂടുന്നതെന്ന് കച്ചവടക്കാർ പറയുന്നു. ഉത്സവ സീസണും ഇന്ധന വിലവർധനവും മറ്റ് കാരണങ്ങളാണ്.
അമ്പരിപ്പിക്കുന്ന തരത്തിലാണ് ചെറുനാരങ്ങയുടെ വില കയറുന്നത്. രണ്ടാഴ്ചക്കിടെ കൂടിയത് നൂറ് രൂപ, വലിയ ഒരു ചെറുനാരങ്ങക്ക് പത്ത് രൂപയിലധികം കൊടുക്കേണ്ട അവസ്ഥയാണ് മാർക്കറ്റിൽ.