അസ്സബാഹ് കോളേജിൽ ‘മീറ്റ് ദ സിഇഒ’ പരിപാടി സംഘടിപ്പിച്ചു
വളയംകുളം :- അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ക്ലബ്ബും ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിലും (IIC) സംയുക്തമായി IQACയുടെ സഹകരണത്തോടെ ‘Meet the CEO – Learn from the Best’ എന്ന പരിപാടി സംഘടിപ്പിച്ചു. വളയംകുളം നെല്ലാര കഫേയിൽ നടന്ന പരിപാടിയിൽ RF Combine, Nellara സ്ഥാപനങ്ങളുടെ CEO എം.കെ. ഫസലു റഹ്മാൻ വിദ്യാർത്ഥികളുമായി സംവദിച്ചു.
സംരംഭകത്വ മേഖലയിലെ തന്റെ അനുഭവങ്ങൾ, ബിസിനസ് ആരംഭിക്കുന്നതിനും വളർത്തുന്നതിനുമുള്ള വെല്ലുവിളികൾ, നേതൃത്വപാടവം, വിജയകരമായ സംരംഭം കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രങ്ങൾ എന്നിവ അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു. സംരംഭകത്വ രംഗത്തെ പ്രായോഗിക അറിവുകൾ പകർന്നുനൽകുകയും വിദ്യാർത്ഥികളിൽ സംരംഭക ചിന്തയും ആത്മവിശ്വാസവും വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.വിദ്യാർത്ഥികൾക്ക് പ്രമുഖ സംരംഭകനുമായി നേരിട്ട് സംവദിക്കാനും സംരംഭകത്വ മേഖലയിലെ അനുഭവങ്ങളിൽ നിന്ന് പഠിക്കാനും അവസരം ലഭിച്ച പരിപാടി വിജ്ഞാനപ്രദവും പ്രചോദനാത്മകവുമായിരുന്നു.