ചങ്ങരംകുളത്ത് നിന്ന് യുവാവിനെ തട്ടികൊണ്ട് പോയി പണം ആവശ്യപ്പെട്ട് മർദ്ദിച്ച് മൊബൈൽ ഫോൺ കവർന്ന സംഭവം, പ്രതി പിടിയിൽ
ചങ്ങരംകുളത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി മൊബൈൽ ഫോൺ കവരുകയും പണം ആവശ്യപ്പെട്ട് മർദ്ധിക്കുകയും ചെയ്തെന്ന പരാതിയിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ.എടപ്പാൾ അംശക്കച്ചേരിയിൽ താമസക്കാരനായ ചിറക്കൽ മുഹമ്മദ് കുട്ടി മകൻ ഇസ്‌മയിൽ (31)നെയാണ് ചങ്ങരംകുളം എസ്ഐ ജിതിൻ വാസിൻ്റെ അന്വേഷണ സംഘം കോഴിക്കോട് നിന്ന് പിടികൂടിയത്.
നവംബർ 4ന് രാത്രി 11.30 ഓടെയാണ് ചങ്ങരംകുളത്ത് വച്ച് ബൈക്കിന് ലിഫ്റ്റ് ചോദിച്ച ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ നൗഷാദ് എന്ന യുവാവിനെ ഇയാൾ ബൈക്കിൽ കയറ്റി കൊണ്ട് പോയത്.ബൈക്ക് നിർത്താതെ ഏറെ നേരം പോയ ശേഷം ആളില്ലാത്ത സ്ഥലത്ത് ബൈക്ക് നിർത്തി യുവാവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവരുകയും,കൂടുതൽ പണം ആവശ്യപ്പെട്ട് മർദ്ദിക്കുകയും ചെയ്തതായി പരാതി. ശേഷം നൗഷാദിനെ റോഡരികിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.ചങ്ങരംകുളം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിടിയിലായ പ്രതി മറ്റു ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.