ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം; ആരോഗ്യവകുപ്പ് പരിശോധന നടത്തി, ഭക്ഷണം കഴിച്ചവർക്ക് ജാഗ്രതാ നിർദേശം
മഞ്ചേരി ബൈപ്പാസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ഫർസ ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടലിൽ കർശന പരിശോധന നടത്തി.
ഇവിടെ നിന്നും ഭക്ഷണം കഴിച്ച മഞ്ചേരി നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും നിരവധി പേർക്ക് ഇതിനോടകം രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഹോട്ടലിലെ ജീവനക്കാർക്ക് രോഗം ബാധിച്ച വിവരം അറിഞ്ഞയുടൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവരിൽ പലർക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവരിൽ ആർക്കെങ്കിലും പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, കണ്ണിനോ മൂത്രത്തിനോ മഞ്ഞനിറം തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആരോഗ്യവകുപ്പ് അധികൃതരെയോ വിവരമറിയിക്കണമെന്നും കൃത്യമായ ചികിത്സ തേടണമെന്നും അധികൃതർ.