ഓണറേറിയം തുകകൊണ്ട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ ക്ഷേത്രഅങ്കണത്തിൽ മിനി മാസ്റ്റ് ലൈറ്റ് ഒരുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം
എടപ്പാൾ :ജാതിമത ഭേദങ്ങൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം വിളിച്ചോതി നാടിന്റെ വികസനത്തിൽ പുത്തൻ മാതൃക തീർക്കുകയാണ് ഒരു ജനപ്രതിനിധി.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കാലടി ഡിവിഷൻ അംഗം ഷാജി മാണൂരാണ് തന്റെ കൈവശമുള്ള ഓണറേറിയത്തിൽ നിന്ന് തുക മാറ്റിയും സ്വകാര്യ വ്യക്തികളിൽ നിന്ന് തുക കണ്ടെത്തിയും സ്വന്തം ഡിവിഷനിൽ അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ മിനി മാസ്റ്റ് ലൈറ്റുകൾ യാഥാർത്ഥ്യമാക്കിയത് രണ്ട് മിനി മാസ്റ്റ് ലൈറ്റുകളിൽ ആദ്യത്തേതിന്റെ ഉദ്ഘാടനം വലിയ പൊയിലം സുബ്രാമണ്യക്ഷേത്രാങ്കണത്തിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ക്ഷേത്രങ്കണ ത്തിലേക്ക് നൽകിയ ലൈറ്റിങ് സിസ്റ്റം നാടിന് സമർപ്പിച്ചത്.പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉജ്ജ്വല കാഴ്ചയ്ക്കാണ് ചടങ്ങ് സാക്ഷ്യം വഹിച്ചത്.
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ തങ്ങളെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പൊന്നാട ചാർത്തിയാണ് സ്വീകറിച്ചത് . സ്നേഹാദരവുകളോടെ ചാർത്തിയ ഹാരം കേരളത്തിന്റെ സവിശേഷമായ മതേതര പാരമ്പര്യത്തിന്റെ തിളക്കം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നതായിരുന്നു.”വികസന പ്രവർത്തനങ്ങൾക്കും നാടിന്റെ നന്മയ്ക്കും യാതൊരുവിധ വേലിക്കെട്ടുകളുമില്ല” എന്ന് ഈ ചടങ്ങ് പ്രഖ്യാപിക്കുകയായിരുന്നു. ജനപ്രതിനിധികളുടെ ഇത്തരത്തിലുള്ള പ്രതിബദ്ധതയും ജനകീയ കൂട്ടായ്മകളും നാടിന് അഭിമാനകരമാണെന്ന് മുനവ്വറലി തങ്ങൾ അഭിപ്രായപ്പെട്ടു. .ചടങ്ങിൽ ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് അരുൺ അധ്യക്ഷനായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുതുർ,ബ്ലോക്ക് മെമ്പർ ഷാജി മാണൂർ,ടി. പി ഹൈദരലി, ടി. പി കുഞ്ഞിമരക്കാർ മാസ്റ്റർ,യൂനസ്സ് പാറപ്പുറം,ഗഫുർ തണ്ഡലം,കെ.ജി ബാബു,പത്മജ,അസ്‌ലം തിരുത്തി,പി. ടി. എം.എ മജീദ്, കെ. ജി ബെന്നി എന്നിവർ സംസാരിച്ചു പണി പൂർത്തിയായ രണ്ടാമത്തെ ലൈറ്റിന്റെ ഉൽഘാടനം ഡിവിഷനിലെ ഏഴാം വാർഡിൽ അടുത്താഴ്ച നടക്കും