BREAKING NEWSLATEST NEWS

ശബരിമല തീർത്ഥാടനം: കുറ്റിപ്പുറം മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കും

കുറ്റിപ്പുറം : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനി പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു.

ഇതുമായി ബന്ധപ്പെട്ട് തവനൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. വി.എസ് ജോയിയുടെ സാനിധ്യത്തിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേംബറിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

നിലവിലുള്ള ടോയ്‌ലറ്റ് സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് അധിക സൗകര്യങ്ങൾ ഒരുക്കുന്നതിനും യോഗം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി താത്കാലികമായി മൊബൈൽ ടോയ്‌ലറ്റ് യൂണിറ്റുകളും മൊബൈൽ സംസ്കരണ യൂണിറ്റും കൂടി സ്ഥാപിക്കും.ശുചിത്വവും പരിസരപരിപാലനവും ഉറപ്പാക്കുന്നതിനാവശ്യമായ നടപടികളും സ്വീകരിക്കും.

തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലുള്ള പോലീസ് സംവിധാനം വിപുലപ്പെടുത്തും. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് ഗതാഗത നിയന്ത്രണവും തിരക്ക് നിയന്ത്രണവും കാര്യക്ഷമമാക്കും.

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ഫയർഫോഴ്സിന്റെ സേവനവും ഉറപ്പാക്കും. കൂടാതെ കുടിവെള്ള വിതരണം,വൈദ്യസഹായം,ആംബുലൻസ് സൗകര്യം,വൈദ്യുതി, വെളിച്ചം,മാലിന്യ സംസ്കരണം,വാഹന പാർക്കിംഗ്,വഴികാട്ടി ബോർഡുകൾ തുടങ്ങിയ തീർത്ഥാടകർക്ക് ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സജ്ജമാക്കും.

ശബരിമല തീർത്ഥാടന കാലയളവിൽ കുറ്റിപ്പുറം മിനി പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ഇടത്താവള അനുഭവം ഉറപ്പാക്കുന്നതിനായി എല്ലാ വകുപ്പുകളും സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ മുന്നൊരുക്കങ്ങൾ വിലയിരുത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

അയ്യപ്പഭക്തർക്ക് മികച്ച സൗകര്യങ്ങളൊരുക്കി കുറ്റിപ്പുറം മിനി പമ്പയെ കൂടുതൽ സുരക്ഷിതവും ഭക്തിസാന്ദ്രവുമായ ഇടത്താവളമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് യോഗം രൂപം നൽകിയത്.

തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി അബൂബക്കർ സിദ്ദീഖ്,സബ് കളക്ടർ അൻവർ സാദത്ത്,ഡി.വൈ.എസ്‌.പി,ഡി.ടി.പി.സി സെക്രട്ടറി,ശുചിത്വ മിഷൻ,ഫയർഫോഴ്‌സ് മറ്റു ഡിപ്പാർട്ടിമന്റ് ഉദ്യോഗസ്ഥർ തുടങ്ങിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button