സൗദിയിൽ വീണ്ടും ആക്രമണം നടത്തി ഹൂതികൾ; മലയാളികൾക്കായി കേരള ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം
റിയാദ്: സൗദി അറേബ്യയിലെ പ്രധാന വിമാനത്താവളങ്ങളും എണ്ണസംസ്കരണ കേന്ദ്രങ്ങളും പൈപ്പ് ലൈനും ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്തിയതായി ഹൂതികളുടെ അവകാശവാദം. റിയാദ്, ദമാം, നജ്റാൻ വിമാനത്താവളങ്ങൾക്കു പുറമെ ഈസ്റ്റ്–വെസ്റ്റ് പൈപ്പ് ലൈൻ, റാബിഗ് ഓയിൽ റിഫൈനറി, യാമ്പുവിലെ സൗദി അരാംകോ കേന്ദ്രം എന്നിവ ആക്രമിച്ചതായാണ് ഹൂതികൾ അറിയിച്ചത്. മേഖലയിൽ സംഘർഷം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മിഡിൽ ഈസ്റ്റിലെ അമേരിക്കൻ പൗരന്മാർക്കുള്ള സുരക്ഷാ മുന്നറിയിപ്പും യുഎസ് പുതുക്കി.
ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതിനായി കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും എംബസിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.ഒക്ടോബർ 21നാണ് ദമാം വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടത്. വിവിധ ആക്രമണങ്ങളിൽ പരിക്കേറ്റ ഇന്ത്യക്കാരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളും എംബസി പുറത്തുവിട്ടു.
പരിക്കേറ്റ രണ്ട് ഇന്ത്യക്കാരിൽ ഒരാൾ ഒക്ടോബർ 22ന് ആശുപത്രി വിട്ടു. രണ്ടാമത്തെയാൾ ഉടൻ ഡിസ്ചാർജ് ആകുമെന്നാണ് പ്രതീക്ഷ. കിഴക്കൻ പ്രവിശ്യയിലെ ഷെയ്ബ എണ്ണപ്പാടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു ഇന്ത്യൻ പൗരനും ഒക്ടോബർ 22ന് ആശുപത്രി വിട്ടു.റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലും രണ്ടുപേർ ജനറൽ വാർഡിലും ചികിത്സയിലാണ്. ഏഴുപേർ ഇതിനകം ആശുപത്രി വിട്ടിട്ടുണ്ട്. ഈ ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റൊരു ഇന്ത്യൻ പൗരന്റെ സംസ്കാരം ഒക്ടോബർ 12ന് റിയാദിൽ നടന്നതായും എംബസി അറിയിച്ചു.
പരിക്കേറ്റവർക്ക് അടിയന്തരവും മികച്ചതുമായ ചികിത്സ ലഭ്യമാക്കിയ സൗദി ഭരണകൂടത്തിനും പ്രാദേശിക അധികൃതർക്കും എംബസി നന്ദി അറിയിച്ചു. സൗദിയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും എംബസി ആവശ്യപ്പെട്ടു. വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളുടെയോ മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച സ്ഥലങ്ങളുടെയോ ചിത്രങ്ങളും വിഡിയോകളും പകർത്തുന്നതും പ്രചരിപ്പിക്കുന്നതും സൗദി നിയമപ്രകാരം ഗുരുതരമായ കുറ്റമാണെന്നും മുന്നറിയിപ്പുണ്ട്.
മലയാളികൾക്കായി കേരള ഹൗസിൽ കൺട്രോൾ റൂംഗൾഫ് മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലുള്ള മലയാളികൾക്ക് സഹായമെത്തിക്കുന്നതിനായി കേരള ഹൗസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരമാണ് നടപടി.കൺട്രോൾ റൂം നമ്പറുകൾ:ഫോൺ: 011-23747079വാട്സ്ആപ്പ്: 931044388024 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ ഏകോപനത്തിനായി നോർക്ക ഡെവലപ്മെന്റ് ഓഫീസർ ജെ. ഷാജിമോനെ കേരള ഹൗസിലെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി. വിദേശകാര്യ മന്ത്രാലയവുമായുള്ള ഏകോപനത്തിന് അഡീഷനൽ റസിഡന്റ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന ലെയ്സൺ ഓഫീസർ രാഹുൽ കെ. ജയ്സ്വാറിനെയും നിയോഗിച്ചു. റസിഡന്റ് കമ്മീഷണർ പുനീത് കുമാറാണ് ചുമതലകൾ നൽകിയത്.റിയാദിലെ ഇന്ത്യൻ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, മറ്റ് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ എന്നിവയുമായി സഹകരിച്ചായിരിക്കും കൺട്രോൾ റൂമിന്റെ പ്രവർത്തനം. സംഘർഷബാധിത മേഖലകളിലുള്ള മലയാളികൾക്ക് ആവശ്യമായ വിവരങ്ങളും സഹായങ്ങളും ഏകോപിപ്പിക്കുകയാണ് ലക്ഷ്യം.