ആർദ്രതയുടെ സിനിമാക്കാഴ്ചകൾ; പാലിയേറ്റീവ് സഹായത്തിനായി അസ്സബാഹിൽ ചലച്ചിത്രമേള
ചങ്ങരംകുളം : അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അലോക സ്റ്റുഡന്റ്സ് യൂണിയനും ഫിലിം ക്ലബ്ബും സംയുക്തമായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ക്യാമ്പസിലെ വിദ്യാർത്ഥികൾക്കിടയിൽ സിനിമാസ്വാദനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ചാരിറ്റി പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേള ഒരുക്കിയത്.
കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങ് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കോയ.എം.എൻ ഉത്ഘാടനം ചെയ്തു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ റഹ്മാൻ.പി,യൂണിയൻ അഡ്വൈസർ രാജേഷ് കണ്ണൻ, കോളേജ് യൂണിയൻ ചെയർമാൻ സിനാജ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. സിനിമ കേവലം ഒരു വിനോദോപാധി മാത്രമല്ലെന്നും, സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ശക്തമായ മാധ്യമമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രിൻസിപ്പാൾ മുഹമ്മദ് കോയ.എം.എൻ അഭിപ്രായപ്പെട്ടു. നല്ല സിനിമകളെ തിരിച്ചറിയാനും ആസ്വദിക്കാനും വിദ്യാർത്ഥികൾക്ക് കഴിയണമെന്നും, ഇത്തരം മേളകൾ അതിന് വലിയൊരു വേദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ലോകസിനിമയിലെയും മലയാളത്തിലെയും മികച്ച ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. ടിക്കറ്റ് ഇനത്തിൽ ലഭിച്ച തുക പാലിയേറ്റീവ് കെയർ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റിവൽ വൈകുന്നേരത്തോടെ സമാപിച്ചു. ക്യാമ്പസിലെ സർഗ്ഗാത്മക പ്രവർത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയും ഒത്തുചേർന്ന വേദിയിൽ വിദ്യാർത്ഥികൾ ആവേശത്തോടെയാണ് പങ്കെടുത്തത്.