75 പവൻ സ്വർണം തട്ടിയെടുത്തു; മണിക്കൂറുകൾക്കകം ആറുപേർ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ
കുറ്റിപ്പുറം കോയമ്പത്തൂർ സ്വദേശിയിൽ നിന്ന് 75 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ മണിക്കൂറുകൾക്കകം ആറ് പ്രതികളെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ സ്വദേശികളായ തൃക്കണാശ്ശേരി സതീഷ്ബാബു (38), പുന്നക്കൽ ഷാലു (39), തേറാട്ടിൽ സനൽ (38), വടക്കേപുരക്കൽ സുജിത്ത് (43), വടക്കേതൊടുവിൽ ഗഫൂർ (37), പള്ളിസുയിൽ സുനിൽ (42) എന്നിവരാണ് പിടിയിലായത്.കോയമ്പത്തൂർ തിരുവോണം വീട്ടിൽ ദിൽശങ്കറിനെ കബളിപ്പിച്ച് 600 ഗ്രാം സ്വർണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രി 11.30ഓടെ കുറ്റിപ്പുറം കഴുത്തല്ലൂർ റെയിൽവേ അണ്ടർപാസിന് സമീപമാണ് സംഭവം. പരാതിക്കാരനും പ്രതികളും കോയമ്പത്തൂരിൽ നിന്ന് കുറ്റിപ്പുറത്തേക്ക് ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.24 കിലോ സ്വർണം കൈവശമുണ്ടെന്നും അത് വിൽക്കാൻ സഹായിക്കണമെന്നും കുറച്ച് സ്വർണാഭരണങ്ങൾ കൈയിൽ കരുതണമെന്നുമാണ് പ്രതികൾ ദിൽശങ്കറിനോട് പറഞ്ഞിരുന്നത്. തുടർന്ന് കുറ്റിപ്പുറത്തെത്തിച്ച ശേഷമാണ് സ്വർണം തട്ടിയെടുത്തത്.കവർച്ചയ്ക്കുശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസിന്റെയും സ്പെഷൽ ബ്രാഞ്ചിന്റെയും സമയോചിതമായ ഇടപെടലാണ് കുടുക്കിയത്. കുറ്റിപ്പുറം സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ടി. പ്രജീഷിന്റെ രഹസ്യാന്വേഷണത്തിലൂടെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും വീടുകളും കണ്ടെത്താൻ പൊലീസിന് സാധിച്ചു.അതേസമയം, പരാതിക്കാരനായ ദിൽശങ്കർ പ്രതികളിൽ നിന്ന് ബിസിനസ് നിക്ഷേപത്തിന്റെ പേരിൽ മൊബൈൽ ആപ്പ് വഴി ഒരു കോടിയിലധികം രൂപ തട്ടിയെടുത്തതായും ഇതിന് പ്രതികാരമായാണ് ഇയാളിൽ നിന്ന് 75 പവൻ സ്വർണാഭരണങ്ങൾ കവർന്നതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.പുറത്തുവരുന്ന കഥ”ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ദിവസേന 900 രൂപ ലാഭം!” കേൾക്കാൻ വളരെ ലാഭകരമെന്ന് തോന്നുന്ന ഈ വാഗ്ദാനത്തിൽ വീണ് കിടപ്പാടവും സമ്പാദ്യവും നഷ്ടപ്പെട്ടവരുടെ കഥയാണിത്.കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ദിവസേന വൻ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ആളുകളിൽ നിന്ന് വലിയ തുക തട്ടിയെടുക്കുകയായിരുന്നു പ്രധാന രീതി.ഈ പദ്ധതിയിലേക്ക് പുതിയ ആളുകളെ ചേർക്കുന്ന പ്രൊമോട്ടർമാർക്ക് പ്രോത്സാഹനമായി ഒരു ലക്ഷം രൂപയ്ക്ക് ഒരു ഗ്രാം സ്വർണ്ണവും കമ്മീഷനും നൽകി.തുടക്കത്തിൽ നിക്ഷേപകർക്ക് കൃത്യമായി ലാഭം നൽകി ആളുകളെ വിശ്വസിപ്പിച്ചു. എന്നാൽ വൻതോതിൽ പണം കൈക്കലാക്കിയതോടെ ലാഭവും മുതലും നൽകുന്നത് പൂർണ്ണമായി നിലച്ചു.എന്തിനാണ് സ്വർണം തട്ടാൻ നോക്കിയത്?
ആരുടെ സ്വർണമാണ് അത്?പണം നഷ്ടപ്പെട്ടതോടെ നിക്ഷേപകരും പ്രൊമോട്ടർമാരായ സതീഷ് ബാബു, ഷാലു എന്നിവരും പ്രതികളെ ചോദ്യം ചെയ്യുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്:പ്രതികളുടെ കള്ളക്കഥ: തങ്ങളുടെ കൈവശം 24 കിലോ സ്വർണ്ണ ബിസ്കറ്റുകൾ ഉണ്ടെന്നും, അത് വിറ്റാൽ എല്ലാവരുടെയും പണത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പറഞ്ഞ് പ്രതികൾ ദിൽഷർ എന്നയാളെ വിശ്വസിപ്പിച്ചു.സ്വർണ്ണം ആരുടേത്?: ദിൽഷർ നടത്തുന്ന ബിസിനസിൽ പണം നഷ്ടപ്പെട്ട ചിലർക്ക് തിരികെ നൽകാനായി ദിൽഷർ സ്വന്തം നിലയ്ക്ക് കൈവശം കരുതിയ സ്വർണ്ണാഭരണങ്ങളായിരുന്നു അത്..(582 ഗ്രാം സ്വർണാഭരണങ്ങൾ)ഈ സ്വർണ്ണം വിൽക്കാൻ കൊണ്ടുപോകുന്നു എന്ന് മനസ്സിലാക്കിയ പ്രതികൾ ആ സ്വർണ്ണം തട്ടിയെടുക്കാനായി പദ്ധതിയിട്ടു. ദിൽഷർ സഞ്ചരിച്ച കാർ വഴിയിൽ തടഞ്ഞുനിർത്തി ചില്ലുകൾ തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്വർണ്ണം കവർച്ച ചെയ്യാൻ ശ്രമിക്കുകയായിരുന്നു.ഒടുവിൽ കുടുങ്ങിയത് എങ്ങനെ?പണം നഷ്ടപ്പെട്ടവരിൽ ചിലർ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിരുന്നു. ഇതിനിടയിലാണ് സ്വർണ്ണക്കവർച്ചാ ശ്രമവും നടന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ തിരൂർ ഡി.വൈ.എസ്.പി. സി. ദീപ്തിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമയോചിതമായി ഇടപെടുകയും പ്രതികളെ പിടികൂടുകയും ചെയ്തു. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.