PONNANI

3 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിയ്യം കായലിൽ ഇന്ന് വള്ളംകളിയുടെ ആവേശം

പൊന്നാനി: മലബാറിന്റെ ജലോത്സവമായ ബിയ്യം കായൽ വള്ളംകളി മത്സരം ഇന്ന്. ഓണാഘോഷത്തിന്റെ ഭാഗമായി അവിട്ടം നാളിലാണ് ബിയ്യം കായൽ വള്ളംകളി നടക്കുന്നത്. കായലോളങ്ങളെ തുഴഞ്ഞ് മാറ്റി കായൽ രാജാവാകാനുള്ള തീവ്ര പരിശീലനത്തിലാണ് വള്ളം കളി ടീമുകൾ. പടിഞ്ഞാറേക്കര, കടവനാട്, പുളിക്കകടവ്, പുറങ്, എരിക്കമണ്ണ, പുഴമ്പ്രം എന്നിവിടങ്ങളിൽ നിന്നായി പത്ത് മേജർ വള്ളങ്ങളും പതിനാല് മൈനർ വള്ളങ്ങളുമാണ് ഇത്തവണ മത്സരിക്കുന്നത്. രണ്ടു മണിയോടെ ആരംഭിച്ച് അഞ്ചരയോടെ അവസാനിപ്പിക്കുന്ന തരത്തിലാണ് മത്സരങ്ങളുടെ ക്രമീകരണം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ബിയ്യം കായലിന്റെ ഓളപ്പരപ്പിൽ ആവേശമാകാൻ വള്ളങ്ങൾ തയ്യാറെടുക്കുന്നത്.

മത്സരത്തിന് മുന്നോടിയായി തുഴച്ചിൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഒട്ടേറെ യുവാക്കളാണ് ഇവിടെ പരിശീലനം നടത്തുന്നത്. രാവിലെ ആറ് മണി മുതൽ എട്ട് വരെയും വൈകിട്ട് അഞ്ചു മണിക്ക് ശേഷവുമാണ് പരിശീലനം നടക്കുന്നത്. ഇത്തവണ ഇരുപത്തിനാല് വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വള്ളംകളിയുടെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. പി.നന്ദകുമാർ എം.എൽ.എ അദ്ധ്യക്ഷനാവും. ഇ.ടി.മുഹമ്മദ് ബഷീർ എം.പി, കെ.ടി ജലീൽ എം.എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ്, ജില്ലാ കളക്ടർ വി.ആർ.പ്രേംകുമാർ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button