ജീവൻരക്ഷാ ഉപകരണങ്ങൾ ഇല്ലെങ്കിൽ ബോട്ടുകൾക്ക് വൻ പിഴ ഈടാക്കും
പൊന്നാനി: മീൻപിടിത്തത്തിനിറങ്ങുമ്പോൾ ജീവൻ രക്ഷാ ഉപകരണങ്ങളില്ലെങ്കിൽ ഇനി 2.5 ലക്ഷം രൂപ വരെ പിഴ നൽകേണ്ടി വരും. വരും ദിവസങ്ങളിൽ ജില്ലയുടെ തീരപ്രദേശത്ത് വ്യാപക പരിശോധന നടത്താൻ ഫിഷറീസ് വകുപ്പും തീരദേശ പൊലീസും തയാറെടുക്കുന്നു.മുഴുവൻ ദിവസങ്ങളിലും കടലിലിറങ്ങി പട്രോളിങ് നടത്തും.കടലിലിറങ്ങുന്ന യാനങ്ങളിൽ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, വെസൽ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങൾ ഉറപ്പാക്കണം. പരിശോധനയിൽ 9 വള്ളങ്ങൾ പിടിച്ചെടുത്തിരുന്നു.
യാനങ്ങളുടെ എൻജിൻ ശേഷിക്കനുസരിച്ചാണ് പിഴ ചുമത്തുക.ഹാർബർ പ്രദേശത്തും പരിശോധന കർശനമാക്കും. ചെറുവള്ളങ്ങൾക്ക് വരെ പിഴയിടും. 5000 രൂപയാണ് ഏറ്റവും കുറഞ്ഞ പിഴ. യാനങ്ങളിൽ ജീവൻ രക്ഷാ മരുന്നുകളും ഉറപ്പാക്കണം.അനധികൃത മീൻപിടിത്തത്തിനുള്ള വലയും അനുബന്ധ ഉപകരണങ്ങളും ബോട്ടുകളിലും വള്ളങ്ങളിലും സൂക്ഷിച്ചാൽ കർശന നടപടിയുണ്ടാകും. യാനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കും സാധ്യതയുണ്ട്.
കഴിഞ്ഞ മാസങ്ങളിൽ മീൻപിടിത്ത യാനങ്ങൾ അപകടത്തിൽപെട്ട് മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് യാനങ്ങളിൽ ജീവൻ രക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കാൻ പരിശോധന കർശനമാക്കിയത്. കഴിഞ്ഞ മാസം മന്ദലാംകുന്ന് ഭാഗത്തുവച്ച് മീൻപിടിത്തത്തിനിടെ വള്ളം അപകടത്തിൽപെട്ട് 4 മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു. ഇതിൽ ഒരാളെ മാത്രമാണ് ജീവനോടെ രക്ഷിക്കാനായത്. 2 പേരുടെ മൃതദേഹമാണ് കിട്ടിയത്. ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.