സ്പുട്‌നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്‌സിന് അനുമതി; രാജ്യത്തെ ഒമ്പതാമത് വാക്‌സിനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരു വാക്‌സിനുകൂടി അനുമതി നല്‍കി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ. സ്പുട്‌നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്‌സിനാണ് ഡിസിജിഐ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്.സിംഗിള്‍ ഡോസ് വാക്സിന് അടിയന്തിര ഉപയോഗ അനുമതി നല്‍കിയത് കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഊര്‍ജം നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അവകാശപ്പെട്ടു. ‘രാജ്യത്ത് ഉപയോഗാനുമതി നല്‍കുന്ന 9-ാമത് കൊവിഡ് വാക്‌സിന്‍ ആണ് സ്പുട്‌നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്‌സിൻ. ഇത് പകര്‍ച്ചവ്യാധിക്കെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.’, അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.
സിംഗിള്‍ ഡോസ് കൊവിഡ് വാക്സിന്‍ സ്പുട്നിക് ലൈറ്റിന് നിയന്ത്രിതമായി അടിയന്തിര ഉപയോഗ അനുമതി നല്‍കാന്‍ ഇന്ത്യയുടെ സെന്‍ട്രല്‍ ഡ്രഗ് അതോറിറ്റിയുടെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 1ന്, ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റര്‍ സ്പുട്‌നിക് ലൈറ്റിന് നല്‍കാന്‍ വിസമ്മതിച്ചിരുന്നു.ഹ്യൂമന്‍ അഡെനോവൈറസ് സെറോടൈപ്പ് നമ്പര്‍ 26 എന്ന സ്പുട്നിക് വി യുടെ ആദ്യ ഘടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സ്പുട്നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്‌സിന്‍. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ റഷ്യയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ കൊറോണ വൈറസ് വാക്‌സിന്‍ ഒറ്റത്തവണ സ്പുട്‌നിക് ലൈറ്റ് പതിപ്പ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.
വാക്‌സിന്‍ ഡെവലപ്പര്‍ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) പ്രകാരം, സ്പുട്‌നിക് ലൈറ്റിന്റെ ഒറ്റത്തവണ വാക്‌സിനേഷന്‍ സമ്പ്രദായം അഡ്മിനിസ്‌ട്രേഷന്‍ എളുപ്പമാക്കുകയും ബൂസ്റ്റര്‍ ഷോട്ടായി ഉപയോഗിക്കുമ്പോള്‍ മറ്റ് വാക്‌സിനുകളുടെ ഫലപ്രാപ്തിയും കാലാവധിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. സ്പുട്‌നിക് ലൈറ്റ് ഇതിനോടകം തന്നെ 30തിലധികം രാജ്യങ്ങളില്‍ അംഗീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.കൊവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരെ സ്പുട്‌നിക് ലൈറ്റ് സിംഗിള്‍ ഡോസിന് 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രാജ്യത്ത് ഇതുവരെ 12 ലക്ഷത്തിലധികം സ്പുട്നിക് വാക്‌സിനുകള്‍ വിതരണം ചെയ്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.