PONNANI

സാമൂഹ്യ പ്രതിബദ്ധതയോടെ നൂറ്റിപ്പതിനൊന്ന് തികഞ്ഞ പൊന്നാനി ടി ഐ യു പി സ്കൂൾ

പൊന്നാനി: വായനയും പേനയുമാണ് ജീവിതത്തിന്റെ ചാലക ശാക്തികളെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം കെ എം മുഹമ്മദ് ഖാസിം കോയ അഭിപ്രായപ്പെട്ടു. “വായിക്കുക” എന്ന ആഹ്വാനത്തോടെ ആരംഭിച്ച ഇസ്‌ലാം ഇക്കാര്യം മനുഷ്യ നാഗരിക ചരിത്രത്തിൽ കൊത്തിവെച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ശതകവും ദശകവും പിന്നിട്ട പൊന്നാനി ടി ഐ യു പി സ്കൂൾ അധ്യാപക രക്ഷാ കർതൃ സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖാസിം കോയ.

അറിവും സന്മാർഗവും നിലനിൽക്കാൻ എഴുത്തും വായനയും അവിരാമം സജീവമാകേണ്ടതുണ്ട്. പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെയും മാനവ ചരിത്രത്തെയും സംബന്ധിച്ച എഴുത്തിലൂടെയും വായനയിലൂടെയും സന്മാർഗം ആർജ്ജിച്ചെടുക്കാൻ മനുഷ്യർ തുനിയേണ്ടതുണ്ട്. എത്രയോ തലമുറകളുടെ വഴികാട്ടിയായ ടി ഐ യു പി സ്‌കൂൾ നൂറ്റിപ്പതിനൊന്നാം വർഷത്തിലും സാമൂഹ്യ പ്രതിബദ്ധതയോടെ തല ഉയർത്തി നിൽക്കുന്നുവെന്നത് പൊന്നാനി പ്രദേശത്തിന്റെ അഭിമാനമാണെന്നും ഖാസിം കോയ പറഞ്ഞു.

അധ്യാപക – രക്ഷാകർതൃ വാർഷിക യോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രക്ഷിതാക്കൾക്കുള്ള സൈബർ ബോധവത്കരണ ക്ലാസ് ശ്രോതാക്കളിൽ അറിവും ജാഗ്രതാ ബോധവും ഉളവാക്കി. ക്ലാസിന് ഐടി കോഡിനേറ്റർ പുല്ലവളപ്പിൽ ജമാലുദ്ദീൻ നേതൃത്വം നൽകി. 2025-26 വർഷത്തെ സ്കൂളിൻ്റെ പുതിയ പിടിഎ പ്രസിഡൻ്റായി ബാദുഷ എ എം, എം ടി എ പ്രസിഡൻ്റായി മുനീറ എം വി എന്നിവരെ തെരഞ്ഞെടുത്തു.

പി പി കബീർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അബ്ദുള്ളക്കുട്ടി അലിയാസ് കോയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ നസീറ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button