EDAPPAL
കാലാവസ്ഥ അനുകൂലമായാൽ മേൽപാലം ടാറിങ് നാളെ തുടങ്ങും.
എടപ്പാൾ: മഴ വിട്ടു നിന്നാൽ എടപ്പാൾ മേൽപാലത്തിലെ ടാറിങ് ജോലികൾ നാളെ ആരംഭിക്കും. ഇതിനു മുന്നോടിയായി കംപ്രസർ ഉപയോഗിച്ച് പൊടികൾ മാറ്റുന്ന ജോലികൾ ഇന്ന് തുടങ്ങാനാണ് ആലോചന. പൊടി ഒഴിവാക്കി വൃത്തിയാക്കിയ ശേഷം ടാറിങ് നടത്തുകയാണ് ചെയ്യുന്നത്.
ഇതിനിടയ്ക്ക് മഴ പെയ്താൽ ടാറിങ് നടത്താൻ കഴിയില്ല എന്നതാണ് അധികൃതരെ കുഴക്കുന്നത്. ടാറിങ്ങിന് മുന്നോടിയായുള്ള എല്ലാ ജോലികളും പൂർത്തീകരിച്ചു. കണ്ണൂരിൽനിന്നു യന്ത്രങ്ങളും ജോലിക്കാരെയും എത്തിച്ചു. ടാർ ഉൾപ്പെടെയുള്ളവ എത്തിച്ച് പ്ലാന്റും പ്രവർത്തന സജ്ജമാണ്. കാലാവസ്ഥ മാത്രമാണ് വെല്ലുവിളി ഉയർത്തുന്നത്. ടാറിങ്ങിനു ശേഷം അനുബന്ധ ജോലികൾ കൂടി പൂർത്തീകരിച്ച് ഉദ്ഘാടന തീയതി പ്രഖ്യാപിക്കാനാണ് തീരുമാനം.