MALAPPURAM

വിയർപ്പുപറ്റാൻ മലയാളിയില്ല; നെൽവയലുകൾ കീഴടക്കി ബംഗാളികൾ; അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് കോടികൾ


മലപ്പുറം : മലപ്പുറം ജില്ലയിലടക്കം കോൾപാടങ്ങളിൽ നിന്ന് തദ്ദേശീയരായ കർഷകത്തൊഴിലാളികൾ പിൻവാങ്ങിയതോടെ, കൃഷി നെഞ്ചിലേറ്റുന്നത് ഇതരസംസ്ഥാന തൊഴിലാളികൾ. നിലമൊരുക്കൽ മുതൽ വിളവെടുപ്പ് വരെ നീളുന്ന ഒരു സീസണിൽ മാത്രം ഏകദേശം 15 കോടി രൂപയാണ് കൂലി ഇനത്തിൽ ബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ കൈകളിലെത്തുന്നത്.

ഒരു നെൽകൃഷി സീസണിൽ കർഷകർ ഇറക്കുന്ന 20 കോടിയോളം രൂപയുടെ പകുതിയിലധികവും കൂലി ഇനത്തിലേക്കാണ് പോകുന്നത്. ബംഗാളിൽ 250 മുതൽ 450 രൂപ വരെ മാത്രം ദിവസക്കൂലി ലഭിക്കുന്ന സ്ഥാനത്ത് കേരളത്തിൽ 800 മുതൽ 1200 രൂപ വരെ ലഭിക്കുന്നതാണ് തൊഴിലാളികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

നിലമൊരുക്കാനും വിത്തിടാനും ഞാറു നടാനും വളമിടാനും മരുന്നടിക്കാനും വരെ കരാർ അടിസ്ഥാനത്തിലാണ് ഇവരുടെ പണി. പുലർച്ചെ അഞ്ചു മണിയോടെ പാടത്തിറങ്ങുന്ന ഇവർ ജോലി പൂർത്തിയാക്കിയ ശേഷം മാത്രമാണ് കയറുന്നത്. ഇക്കുറി ചേലേമ്പ്ര പെരുണ്ണീരി പാടശേഖര സമിതിയുടെ കൊളക്കാട്ടുചാലി വയലിലെ വിളവെടുപ്പിനും എത്തിയത് പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളികളാണ്.

കഴിഞ്ഞ ആറു വർഷമായി ഈ മേഖലയിൽ ഇവരുടെ സേവനം അനിവാര്യമായി മാറിയിരിക്കുന്നു. നിലവിൽ 1100 രൂപയും ഉച്ചഭക്ഷണവുമാണ് ഇവർക്ക് കൂലിയായി നൽകുന്നത്. യന്ത്രവൽക്കരണത്തിന് പുറമെ കായികമായ അധ്വാനം ആവശ്യമുള്ള മിക്ക ജോലികൾക്കും യുവാക്കളായ ഈ തൊഴിലാളികളാണ് ഇപ്പോൾ ആശ്രയം.

മലയാളികൾ കൃഷി ഉപേക്ഷിച്ച പാടങ്ങളിൽ ബംഗാൾ തൊഴിലാളികൾ വിയർപ്പൊഴുക്കാൻ തയ്യാറായില്ലായിരുന്നെങ്കിൽ ഏക്കർ കണക്കിന് കോൾനിലങ്ങൾ തരിശായി മാറുമായിരുന്നുവെന്ന് കർഷകർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button