KERALA

വക്കിൽ കോട്ടണിഞ്ഞു; ബിനീഷ് കോടിയേരി ഇനി ഫുൾടൈം അഭിഭാഷകൻ

കൊച്ചി: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യം ലഭിച്ച് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് തിരിച്ചെത്തിയ ബിനീഷ് കോടിയേരി ഇനി മുഴുവൻ സമയ അഭിഭാഷകനായി പ്രവർത്തിക്കും. സുഹൃത്തുക്കളുമായി ചേർന്ന് കൊച്ചിയിൽ പുതിയ ഓഫീസ് ആരംഭിച്ചു.

പി സി ജോർജിന്റെ മകൻ ഷോൺ ജോർജ്ജ്, മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ മോഹൻദാസിന്റെ മകൻ നിനു മോഹൻദാസ് എന്നിവർക്കൊപ്പമാണ് ബിനീഷിന്റെ പുതിയ വേഷമണിയുന്നത്. ഷോണും നിനുവും ബിനീഷിന്റെ സഹപാഠികളാണ്. രണ്ട് വർഷങ്ങൾക്ക് മുൻപെടുത്ത തീരുമാനമാണ് ഇപ്പോൾ നടപ്പിലാവുന്നതെന്ന് ബിനീഷ് പ്രതികരിച്ചു.
2006ലാണ് അഭിഭാഷകനായി എൻ റോൾ ചെയ്തത്. എന്നാൽ ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നില്ല. രണ്ട് വർഷം മുൻപെടുത്ത തീരുമാനമായിരുന്നു സജീവമായി അഭിഭാഷകവൃത്തിയിലെത്തുക എന്നത്. കോവിഡ് കാരണവും പിന്നെ മറ്റ് പല കാരണങ്ങൾ കൊണ്ടും അത് നടന്നില്ല.തനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റുന്ന മേഖല കൂടിയാണ് ഇത് എന്നാണ് കരുതുന്നതെന്നും ബിനീഷ് പറഞ്ഞു.

ഒക്ടോബർ 29നാണ് ഇ.ഡി തന്നെ അറസ്റ്റ് ചെയ്തത്. വിവരങ്ങൾ നൽകാനായി പോയപ്പോഴായിരുന്ന അറസ്റ്റ്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ആ സാഹചര്യങ്ങളെ വളരെ പക്വതയോടെയാണ് നേരിട്ടത്.ഇപ്പോൾ നേരിടുന്നത് പരീക്ഷണകാലഘട്ടമാണ്. ഒരുപാട്
നുണക്കൂമ്പാരങ്ങൾക്കിടയിലൂടെയാണ് കടന്നുപോവുന്നത്. സത്യത്തിന്റെ ഒരു കൊടുങ്കാറ്റ് വീശും. അന്ന് ഈ നുണക്കൂമ്പാരങ്ങളെല്ലാം തകരുമെന്നാണ് താൻ വിശ്വസിക്കുന്നത്. കോടതിയിലിരിക്കുന്ന വിഷയമായതിനാൽ കേസിനെ കുറിച്ച് കൂടുതൽ പറയുന്നില്ല. കോടതിയിൽ തനിക്ക് വിശ്വാസമുണ്ട്. താൻ തെറ്റാണോ ശരിയാണോ എന്നത് കോടതി തീരുമാനിക്കട്ടേയെന്നും ബിനീഷ് കൂട്ടിച്ചേർത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button