BREAKING NEWSLATEST NEWS

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ട്രിബ്യൂണല്‍

കൊച്ചി: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എറണാകുളം റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണല്‍. റെയില്‍വേ നിയമപ്രകാരം ട്രാക്ക് മുറിച്ചുകടക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രിബ്യൂണലിന്റെ ഉത്തരവ്.മാവേലിക്കര റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റ് ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോണിന്റെ നഷ്ടപരിഹാര അപേക്ഷയാണ് ട്രിബ്യൂണല്‍ തള്ളിയത്.

ഫുട് ഓവര്‍ ബ്രിഡ്ജ് ഉപയോഗിക്കാതെ ട്രാക്കിലൂടെ പോകുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. ട്രെയിന്‍ യാത്രയ്ക്കിടെ അപകടം പറ്റുന്നവര്‍ക്കേ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂ എന്ന് വ്യക്തമാക്കിയാണ് അപേക്ഷ തള്ളിയത്.കൊല്ലം-എറണാകുളം മെമുവില്‍ യാത്ര ചെയ്യവെ തിരക്ക് കാരണം ട്രെയിനില്‍നിന്ന് വീണെന്നായിരുന്നു തോമസിന്റെ വാദം.

എന്നാല്‍, ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ശബരി എക്‌സ്പ്രസ് ഇടിച്ചതാണെന്ന് തെളിവുകള്‍ സഹിതം റെയില്‍വെ കോടതിയില്‍ വ്യക്തമാക്കിയതോടെ ഹര്‍ജി തള്ളുകയായിരുന്നു. 2023 മേയ് എട്ടിനായിരുന്നു സംഭവം.മാവേലിക്കര സ്റ്റേഷനിലെ രണ്ടാംനമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കിടന്ന മെമു ട്രെയിനില്‍ കയറാനായി തോമസ് ജോണ്‍ കിഴക്കുഭാഗത്തുനിന്ന് ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. ഈ സമയം മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് വന്ന ശബരി എക്‌സ്പ്രസ് തോമസിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തോമസ് കോട്ടയം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ദീര്‍ഘകാലം ചികിത്സയിലായിരുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button