കുറ്റിപ്പുറം നഗര വികസനം; പഞ്ചായത്തിന്റെ കടമുറികളുടെ പുനർലേലത്തിനു നടപടി
കുറ്റിപ്പുറം: നഗരവികസനത്തിന്റെ
ഭാഗമായി പഞ്ചായത്തിനു കീഴിലുള്ള വ്യാപാര കേന്ദ്രങ്ങളുടെ പുനർലേലത്തിനു നടപടി ആരംഭിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുനർലേലം നടക്കുക. ബസ് സ്റ്റാൻഡിന് സമീപത്തെ വ്യാപാര സമുച്ചയത്തിലെ മുറികളും ബസ് സ്റ്റാൻഡ് പരിസരത്തെയും റെയിൽവേ സ്റ്റേഷൻ റോഡിലെയും ബങ്കുകളും പുനർലേലത്തിനായി വയ്ക്കും. നിലവിൽ ഇവ വാടകയ്ക്കു എടുത്തവർക്ക് കരാർ പുതുക്കി നൽകുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി ഇടപെട്ടത്.
ഏതാനും വർഷം മുൻപ് പഞ്ചായത്തിൽ ധനകാര്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ബങ്കുകൾ അടക്കമുള്ളവ ലേലം ചെയ്യുന്നില്ലെന്നും സ്ഥിരമായി ചിലർക്ക് 5 ശതമാനം മാത്രം വാടക കൂട്ടി പുതുക്കി നൽകുന്നതായും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പഞ്ചായത്തിന് ലേലത്തിന് നിർദേശം നൽകിയത്. ബൈലോ പ്രകാരം പുനർലേലം ചെയ്യണമെന്നാണ് നിർദേശം.
എന്നാൽ പഞ്ചായത്തിനു കീഴിലുള്ള കെട്ടിടങ്ങളുടെയും വ്യാപാര സ്ഥപാനങ്ങളുടെയും നടത്തിപ്പ് സംബന്ധിച്ച ബൈലോ നഷ്ടമായതിനെ തുടർന്ന് പുതിയ ബൈലോയുടെ കരട് തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു മാസത്തിനകം ബൈലോയിലെ പോരായ്മകൾ പരിഹരിച്ച് ഭേതഗതി ചെയ്യും. അടുത്ത മാസത്തോടെ പുനർലേലം നടക്കും. നഗരവികസനത്തിന്റെ ഭാഗമായി ഏതുസമയത്തും കടകൾ ഒഴിയേണ്ടിവരുമെന്ന് ബൈലോയിൽ ഉണ്ട്. പുതിയ ബൈലോ പ്രകാരം ബസ് സ്റ്റാൻഡ് വികസനത്തിന് ബങ്കുകൾ തടസ്സമാകില്ല.
ബസ് സ്റ്റാൻഡ് വികസനം; ഡിപിആർ പോലുമായില്ല
കുറ്റിപ്പുറം പഞ്ചായത്ത് ബസ് സ്റ്റാൻഡ് വികസനം ഉടൻ നടപ്പാക്കണമെന്ന് നാട്ടുകാർ. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യമില്ല. ചെറിയ 2 കാത്തിരിപ്പു കേന്ദ്രങ്ങളാണ് ആകെയുള്ളത്. 2 വർഷം മുൻപ് എംഎൽഎ ഫണ്ട് അടക്കം ഉപയോഗിച്ച് 1.5 കോടി രൂപ ചെലവിൽ നവീകരിക്കാൻ കരാർ നൽകിയെങ്കിലും രാഷ്ട്രീയ ചേരിതിരിവിനെ തുടർന്ന് കരാറുകാരൻ ജോലി ഉപേക്ഷിച്ചുപോയിരുന്നു.
നിലവിലെ ഭരണസമിതി 3 മാസം മുൻപ് പുതിയ പദ്ധതിക്കായി തീരുമാനമെടുത്തെങ്കിലും നീളുകയാണ്. പുതിയ ബസ് സ്റ്റാൻഡിനും അതിനോട് ചേർന്ന് വ്യാപാര സമുച്ചയ നിർമാണത്തിനുമായി ഊരാളുങ്കൽ സൊസൈറ്റിയെയാണ് സമീപിച്ചിരിക്കുന്നത്. പഞ്ചായത്ത് അധികൃതർ ബന്ധപ്പെട്ടിട്ടും ഊരാളുങ്കൽ അധികൃതർ ബസ് സ്റ്റാൻഡ് സന്ദർശിച്ചിട്ടില്ല.
ഡിപിആർ തയാറാക്കി നൽകാനാണ് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുള്ളത്. പദ്ധതി നടത്തിപ്പിനായി കിഫ്ബി അടക്കമുള്ളയെ സമീപിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.