പൊന്നാനിയിൽ മൂന്ന് ആടുകളെ നായ്ക്കൾ കൊന്നു
പൊന്നാനി : പൊന്നാനിയിൽ വീണ്ടും തെരുവുനായ് ആക്രമണം. ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്തു. കറുകത്തിരുത്തി അംഗൻവാടിക്ക് സമീപം താമസിക്കുന്ന പോറാടത്ത് റസാഖിന്റെ ഗർഭിണിയായ ആടുകൾ ഉൾപ്പെടെയാണ് ചത്തത്. ഞായറാഴ്ച പുലർച്ചയായിരുന്നു സംഭവം.
കൂട് തകർത്താണ് ആടുകളെ നായ്ക്കൾ ആക്രമിച്ചത്. ഒരു മാസം മുമ്പ് പൊന്നാനി നഗരസഭയിൽ തെരുവുനായ് വന്ധ്യംകരണ വാക്സിനേഷൻ ആരംഭിച്ചിരുന്നെങ്കിലും ദിവസങ്ങൾക്കകംതന്നെ നിലച്ചു. ഈ ഭാഗത്ത് കുട്ടികൾക്ക് നേരെയും നായ്ക്കളുടെ ആക്രമണം പതിവായിരിക്കുകയാണ്. ഇവ കൂട്ടത്തോടെ എത്തിയാണ് ആക്രമിക്കുന്നത്. രാവിലെ ആരാധനാലയങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും കുട്ടികളുൾപ്പെടെയുള്ളവർ ഭയത്തോടെയാണ് പോകുന്നത്. തെരുവുനായുടെ കടിയേറ്റവർക്കുള്ള ധനസഹായവും മുടങ്ങിയിരിക്കുകയാണ്. തെരുവുനായ് നിയന്ത്രണത്തിനുള്ള പദ്ധതികൾ നടപ്പാവാത്തതിൽ പൊതുജനം പ്രതിഷേധത്തിലാണ്.