പൊന്നാനിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് കടലിൽ പോയ ഫൈബർ വള്ളങ്ങൾ പിടികൂടി
പൊന്നാനി: കാലാവസ്ഥാ നിയന്ത്രണം ലംഘിച്ച് മത്സ്യബന്ധനത്തിന് പോയ 5 ഫൈബർ വള്ളങ്ങൾ പൊന്നാനി തീരദേശ പോലീസ് പിടികൂടി. സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ യാതൊരു കാരണവശാലും മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിയന്ത്രണം നിലനിൽക്കുന്നുണ്ട്.ഈ നിയന്ത്രണങ്ങൾ ലംഘിച്ച് പുലർച്ചെ മത്സ്യബന്ധനത്തിന് പോയ അഞ്ചു ഫൈബർ വള്ളങ്ങളാണ് പൊന്നാനി അഴിയിൽ ഭാഗത്തുനിന്നും പൊന്നാനി തീരദേശ ഇൻസ്പെക്ടർ രാജ്മോഹൻ റെ നേതൃത്വത്തിലുള്ള തീരദേശ പോലീസ് സംഘം പിടികൂടിയത്. സംഭവത്തിൽ മത്സ്യത്തൊഴിലാളികളുടെ അഞ്ചു ഫൈബർ വള്ളങ്ങളും അഞ്ച് എഞ്ചിനുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്ക് കർശന താക്കീതും നൽകി. തുടർന്ന് ഫിഷറീസ് വകുപ്പിന് റിപ്പോർട്ട് കൈമാറും. ഇതിനുശേഷം ആകും പിഴ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുക എന്ന് പൊന്നാനി തീരദേശ പോലീസ് പറഞ്ഞു.അഞ്ചു ഫൈബർ വള്ളങ്ങളിൽ ആയി 11 പേരായിരുന്നു മത്സ്യബന്ധനത്തിന് പോയത്. ഇവരാണ് കടൽ തിരച്ചിൽ നടത്തുന്ന സംഘത്തിലെ പിടിയിലായത്. അതേസമയം പൊന്നാനിയിൽ നിന്ന് മൂന്നു ദിവസങ്ങൾക്കു മുമ്പ് കാണാതായ മത്സ്യത്തൊഴിലാളികൾ ക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. ഫിഷറീസിന്റെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ. അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്ന തടയിടാൻ തീരദേശ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കാനാണ് തീരദേശ പോലീസിന്റെ തീരുമാനം.
